Evening Prayer Nombu

മലങ്കര യാക്കോബായ സുറിയാനി സഭ വലിയ നോമ്പിന്റെ നമസ്കാര ക്രമം

ഞായർ - ഒൻപതാംമണി പ്രാർത്ഥന

പ്രാരംഭ സ്തുതി

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സതേ്യക ദൈവത്തിന്‍റെ തിരുനാമത്തിൽ,തനിക്കു സ്തുതി. നമ്മുടെമേൽ തന്റെ കരുണയും മനോഗുണവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ. ആമ്മീൻ.

ആകാശവും ഭൂമിയും തന്റെ സ്തുതികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന  ബലവാനായ ദൈവം തമ്പുരാൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ ഉയരങ്ങളിൽ സ്തുതി.

ദൈവമായ കർത്താവിന്റെ തിരുനാമത്തിൽ  വന്നവനും   വരുന്നവനും ആയവൻ വാഴ്ത്തപ്പെട്ടവനാകുന്നു; ഉയരങ്ങളിൽ സ്തുതി.

കൗമാ- ത്രൈശുദ്ധ കീർത്തനം

ദൈവമേ! നീ പരിശുദ്ധനാകുന്നു. ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനേ! ഞങ്ങളുടെ മേൽ കരുണയുണ്ടാവണമേ

ദൈവമേ! നീ പരിശുദ്ധനാകുന്നു ........... . ദൈവമേ! നീ പരിശുദ്ധനാകുന്നു..............

ഞങ്ങളുടെ കർത്താവേ! ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങളുടെ കർത്താവേ! കൃപയുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങളുടെ കർത്താവേ! ഞങ്ങളുടെ ശുശ്രൂഷയും പ്രാർത്ഥനകളും കൈക്കൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമേ.

ദൈവമേ! നിനക്കു സ്തുതി. സ്രഷ്ടാവേ! നിനക്കു സ്തുതി. നിന്റെ ദാസരായ പാപികളോട് കരുണ ചെയ്യുന്ന മിശിഹാരാജാവേ! നിനക്കു സ്തുതി. ബാറെക്മോർ

മോറാനായ പ്രാർത്ഥന  കർത്തൃപ്രാർത്ഥന  (വി. മത്തായി 6 : 914)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്റെ തിരുനാമം പരിശുദ്ധമാക്കപ്പെടണമേ. നിന്റെ രാജ്യം വരണമേ. നിന്റെ തിരുവിഷ്ടം സ്വർഗത്തിലേപ്പോലെ ഭൂമിയിലും ആകണമേ. ഞങ്ങൾക്ക് ആവശ്യമായി രിക്കുന്ന ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്ത്വവും എന്നേയ്ക്കും നിനക്കുള്ളതാകുന്നു. ആമ്മീൻ.

ദൈവമാതാവിനോടുള്ള അപേക്ഷ  (വി.ലൂക്കോസ്  1:28,42,48.*എല്ലാ  കൗമകളിലും നിർബന്ധമല്ല)

കൃപനിറഞ്ഞ മറിയമേ! നിനക്കു സമാധാനം. ഞങ്ങളുടെ കർത്താവു നിന്നോടുകൂടെ. സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്റെ ഉദരഫലമായ ഞങ്ങളുടെ കർത്താവേശുമിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ദൈവമാതാവായ വിശുദ്ധ കന്യകമര്‍ത്തമറിയാമേ! ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മര ണസമയത്തും പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചുകൊള്ളണമേ. ആമ്മീൻ.

കോലാകൾ

നീതിമാന്മാർ ആസ്വദിച്ച മരണം നിത്യമരണമായിരുന്നില്ല. പുനരുത്ഥാനത്തിന്റെ ദിവസം വരെ അവരുടെ ശരീരങ്ങൾ ഉറക്കമെന്നപോലെ വിശ്രമിച്ചിരിക്കുന്നു. അവരുടെ ശരീരങ്ങൾ ഭുമിയിൽ വസിച്ചിരിക്കുന്നു. നാഥാ! ആവർ എഴുന്നേറ്റ് നിനക്ക് മഹത്തവം പാടുമാറാകണമേ. ബാറക്മോർ. ദൈവമേ! നിന്റെ ദൈവത്വത്തിന് ഞങ്ങൾ സമർപ്പിക്കുന്ന സുഗന്ധ ധൂപം മൂലം നിദ്രപ്രാപിച്ചിരിക്കുന്ന ഞങ്ങളുടെ മാതാപിതാക്കന്മാർക്കും സഹോദരീ സഹോദരന്മാർക്കും നല്ല ഒാർമ്മ പ്രദാനം ചെയ്യണമേ.   കർത്താവേ! നിന്റെ രാജ്യത്തിൽ ജീവന്റെ പുസ്തകത്തിൽ അവരുടെ നാമങ്ങൾ നീ എഴുതണമേ. മൊറിയോറാഹേമേലെൻ ഉ ആദാറെൻ

മോർ ബാലായിയുടെ ബോവൂസൊ

കരുണകൾ നിറഞ്ഞിരിക്കുന്നവനേ! ഉയിർപ്പു ദിവസത്തിൽ നിന്റെ സൃഷ്ടിയെ പുതുതാക്കണമേ. കർത്താവേ! നിന്നിലുള്ള ശരണത്തോടുകൂടെ നിദ്രപ്രാപിച്ച് നിന്റെ വരിവിനെ നോക്കിപാർത്തിരിക്കുന്ന ഞങ്ങളുടെ വാങ്ങിപ്പോയവരെ നീ ആശ്വസിപ്പിച്ചു പുണ്യപ്പെടുത്തണമേ. കർത്താവേ! നിന്റെ ശരണത്തിന്മേൽ നിദ്രപ്രാപിച്ച നിന്റെ ദാസരെ അബ്രഹാമിന്റെയും, ഇസ്ഹാക്കിന്റെയും, യോക്കോബിന്റെയും മടിയിൽ വസിപ്പിക്കണമേ. വന്നവനും, വരുന്നവനും, മരിച്ചുപോയവരെ ഉയിർപ്പിക്കുന്നവനും വാഴ്ത്തപ്പെട്ടതാകുന്നു എന്ന് ശരീരങ്ങളും ആത്മാക്കളും ഒരുമിച്ച് അട്ടഹസിച്ച് പറയുമാറാകട്ടെ.

അല്ലെങ്കില്‍

1.കരുണ നിറഞ്ഞവനേ! പുനരുത്ഥാനത്തിൽ

നിന്നുടെ സൃഷ്ടിയെ നീ പുതുതാക്കീടണമേ.

2.നിന്നിൽ ശരണത്താൽ നിദ്രയിലായ് നിന്റെ 

വരവിനു കാത്തീടും മൃതരിൽ കനിയണമേ.

3.അവരബാറാഹത്തിന്റെയുമി ഹാക്കുടെയും 

യാക്കോബിന്നുടെയും മടിയിൽ പാർക്കണമേ

4.വന്നവനും വരുവോനും-മൃതർ തന്നുയിരും 

സ്തുതനെന്നു ശരീരാ-ളഹാക്കൾ പാടണമേ.

ദൈവമേ! നീ പരിശുദ്ധനാകുന്നു .. ഇത്യാദി കൗമാ

 

സന്ധ്യാ നമസ്കാരം

 

ദൈവമേ! നീ പരിശുദ്ധനാകുന്നു .. ഇത്യാദി കൗമാ കുറിയേലായിസോന്‍.

140, 141, 118:105-112, 116 മസ്മൂർകൾ

 

(140) കർത്താവേ നിന്നെ ഞാൻ   വിളിച്ചുവല്ലോ, എന്നോടു നീ ഉത്തരമരുളണമേ. എന്റെ വചനങ്ങൾ സൂക്ഷിച്ചു കേട്ട് കൈക്കൊള്ളണമെ.

 

എന്റെ പ്രാർത്ഥന തിരുമുമ്പാകെ ധൂപം പോലെയും, എന്റെ കൈകളിൽ നിന്നുള്ള കാഴ്ച സന്ധ്യയിലെ വഴിപാടുപോലെയും ഇരിക്കുമാറാകണമേ.  എന്റെ ഹൃദയം ദുഷ്കാര്യത്തിനു ചായാതെയും ഞാൻ അന്യായക്രിയകളെ പ്രവർത്തിക്കാതെയും ഇരിക്കത്തക്കവണ്ണം എന്റെ വായ്ക്കു കാവൽക്കാര നെയും എന്റെ അധരങ്ങൾക്ക് കാവൽക്കാരനെയും നിയമിക്കണമെ.

 

ദുഷ്ടമനുഷ്യരോടുകൂടെ ഞാൻ ചേരുമാറാകരുതേ. നീതിമാൻ എന്നെ പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്യട്ടെ.  ദുഷ്ടന്മാരുടെ എണ്ണ എന്റെ തലയ്ക്കു കൊഴുപ്പാകാതെയിരിക്കട്ടെ.  എന്തെന്നാൽ എന്റെ പ്രാർത്ഥന അവരുടെ ദോഷത്തെക്കുറിച്ചാകുന്നു.   അവരുടെ വിധികർത്താക്കൾ പാറയിൻ മുനയാൽ നിരോധിക്കപ്പെട്ടു. ഇമ്പമുള്ള എന്റെ വചനങ്ങളെ അവർ കേട്ടു.

 

കൊഴുവു ഭൂമിയെ പിളർക്കുന്നതുപോലെ ശവക്കുഴിയുടെ വായ്ക്കരികിൽ അവരുടെ അസ്ഥികൾ ചിതറിപ്പോയി. കർത്താവേ! ഞാൻ എന്റെ കണ്ണുകൾ നിന്റെ അടുക്കലേക്കുയർത്തി നിന്നിൽ ശരണപ്പെട്ടു. എന്റെ ആത്മാവിനെ തള്ളിക്കളയരുതെ.

 

എനിക്കായി കെണികൾ മറച്ചുവച്ച പ്രശംസക്കാരുടെ  കയ്യിൽ നിന്ന് എന്നെ കാത്തുകൊള്ളണമെ. ഞാൻ കടന്നുപോകുന്നതുവരെയും   അധർമ്മികൾ സ്വന്തവലകളിൽ ഒരുമിച്ചു വീഴട്ടെ.

 

(141) ഞാൻ എന്റെ ശബ്ദത്തോടെ കർത്താവിനെ വിളിച്ചു. ഞാൻ എന്റെ ശബ്ദത്തോടെ കർത്താവിനോടു പ്രാർത്ഥിച്ചു.   ഞാൻ തിരുമുമ്പാകെ സങ്കടം ബോധിപ്പിച്ചു.   എന്റെ ഞെരുക്കം തിരുസന്നിധിയിൽ അറിയിച്ചു.

 

എന്റെ ആത്മാവ് വിഷാദിച്ചപ്പോൾ നീ എന്റെ ഊടുവഴികളെ അറിയുന്നുവല്ലൊ. എന്റെ നടപ്പുകളുടെ വഴിയിൽ അവർ എനിക്ക് കെണികളെ മറച്ചുവച്ചു.

 

ഞാൻ വലത്തുഭാഗത്തു സുക്ഷിച്ചു നോക്കി; എന്നെ അറിയുന്നവൻ ഇല്ല. ഓടി ഒളിക്കേണ്ടതിനു എനിക്കു സ്ഥലമില്ലാതെ പോയി. എന്റെ ആത്മാവിനു പകരം ചോദിക്കുന്നവനും ഇല്ല.

 

കർത്താവേ! ഞാൻ നിങ്കലേക്കു നിലവിളിച്ചു. നീ എന്റെ ശരണവും  ജീവനുള്ളവരുടെ ദേശത്തു എന്റെ  ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.

 

ഞാൻ ഏറ്റം താഴ്ത്തപ്പെട്ടിരിക്കകൊണ്ടു എന്റെ അപേക്ഷ സൂക്ഷിച്ചു കേൾക്കണമേ; എന്നെ പീഡിപ്പിക്കുന്നവർ എന്നേക്കാൾ ബലവാന്മാരായതുകൊണ്ട്; അവരിൽ നിന്ന് എന്നെ വിടുവിക്കണമെ. ഞാൻ തിരുനാമം  സ്തോത്രം   ചെയ്യേണ്ടതിനു കാരാഗൃഹത്തിൽ നിന്നു എന്റെ ആത്മാവിനെ പുറപ്പെടുവിക്കണമെ;  നീ എനിക്കു പ്രതിഫലം നൽകുമ്പോൾ നിന്റെ നീതിമാന്മാർ എന്നെ കാത്തിരിക്കും.  

 

തിരുവചനം എന്റെ കാലുകൾക്കു വിളക്കും എന്റെ വഴികൾക്കു പ്രകാശവുമാകുന്നു.

 

നിന്റെ നീതിയുള്ള ന്യായങ്ങളെ ആചരിക്കാമെന്നു ഞാൻ ആണയിട്ടുറുച്ചു. കർത്താവേ! ഞാൻ ഏറ്റവും ക്ഷീണിച്ചു. കർത്താവേ! തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കണമെ.

 

കർത്താവേ! എന്റെ വായിലെ വചനങ്ങൾ ഇഷ്ടപ്പെട്ട് നിന്റെ ന്യായങ്ങൾ എന്നെ പഠിപ്പിക്കണമെ.

 

എന്റെ ആത്മാവ് എല്ലായ്പ്പോഴും നിന്റെ തൃക്കെകളിൽ ആകുന്നു. ഞാൻ നിന്റെ വേദപ്രമാണം മറന്നില്ല.

 

പാപികൾ എനിക്കായി കെണികൾ വച്ചു. ഞാൻ നിന്റെ കൽപനകളിൽ നിന്നും മാറിപ്പോയില്ല. ഞാൻ നിന്റെ സാക്ഷ്യത്തെ എന്നേക്കും അവകാശമാക്കി. എന്തെന്നാൽ അതു എന്റെ ഹൃദയത്തിനു ആനന്ദമാകുന്നു.

നിന്റെ പ്രമാണങ്ങൾ എപ്പോഴും സത്യമായി ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ തിരിച്ചു.

 

(116) സകല ജാതികളുമെ! കർത്താവിനെ സ്തുതിപ്പിൻ; സകലജനങ്ങളുമെ! തന്നെ മഹത്വപ്പെടുത്തുവീൻ . എന്തെന്നാൽ തന്റെ കൃപ നമ്മുടെ മേൽ വർദ്ധിച്ചിരിക്കുന്നു;  താൻ സത്യമായിട്ട് എന്നേക്കും കർത്താവാകുന്നു.

ദൈവമേ!സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

 

എന് യോനൊ

തന്റെ പരിശുദ്ധതയ്ക്കു ഭംഗമില്ലാതിരിക്കെ ഞങ്ങൾക്കുവേണ്ടി നോമ്പുനോറ്റവനായ മ്ശിഹാ! നിനക്ക് ഇഷ്ടമാകുന്ന പ്രകാരം നോമ്പുനോൽപ്പാൻ ഞങ്ങൾക്കു കൃപചെയ്യണമേ.

 

എല്ലാ സ്രഷ്ടികളേയും പോറ്റുന്നവനായിരിക്കെ ഞങ്ങളുടെ രക്ഷയ്ക്കു വേണ്ടി വനത്തിൽ വച്ച് വിശന്നവനായ കർത്താവേ!  വയറിനെ സ്നേഹിക്കാതെ നോമ്പ് നോൽപ്പാൻ ഞങ്ങളെ യോഗ്യരാക്കണമേ.

 

കർത്താവേ! വെടിപ്പോടെ നോമ്പുനോൽപ്പാനും സന്തോഷത്തോടെ നിന്റെ നോമ്പിനെ എതിരേല്പാനും ഞങ്ങൾക്കു കൃപചെയ്യണമേ. ബാറക്മോർ

 

കർത്താവേ! ഞങ്ങളുടെ നോമ്പ് നിനക്കിഷ്ടമുള്ളതായിരിക്കണമേ. അങ്ങിനെ ഞങ്ങളുടെ അകൃത്യങ്ങളെയെല്ലാം മോചിക്കയും ചെയ്യണമേ. സ്തൗമൻ കാലോസ് കുറിയേലായിസോന്‍.

കോലോകൾ

 

നോമ്പ് സാത്താനോടു യുദ്ധം ചെയ്വാനുള്ള പ്രധാന ആയുധമാകുന്നു. മോശയും ഏലിയാവുംനമ്മുടെ കർത്താവും നാല്പതു ദിവസം നോമ്പ് നോറ്റു. നോമ്പാലും പ്രാർത്ഥനയാലും സാത്താനെ ജയിപ്പാൻ ഞങ്ങളെ പഠിപ്പിച്ച മശിഹാതമ്പുരാനു സ്തുതി.          ബാറക്മോർ

നോമ്പുമൂലം മോശ ദൈവത്താൽ എഴുതപ്പെട്ട കൽപ്പലകകൾ പ്രാപിച്ചു. നോമ്പിനാൽ ഏലിയാ ദൈവേഷ്ടനായിത്തീരകയും ആകാശവും ഭൂമിയും അവനെ അനുസരിക്കുകയും ചെയ്തു. അസൂയ കുരള മുതലായ തിന്മകളെ വെടിഞ്ഞ് നോമ്പ് നോറ്റു പ്രാർത്ഥിക്കുകയും തന്റെ നടപടികളാൽ കർത്താവിനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നവൻ ഭാഗ്യവാനാകുന്നു.    മൊറിയോറാഹേമേലെൻ ഉ ആദാറെൻ

 

വീണ്ടും കോലോകൾ

 

ദൈവമേ! ഞങ്ങളുടെ കുറ്റങ്ങൾക്കു പരിഹാരമുണ്ടാക്കണമേ. ഞങ്ങളുടെ അകൃത്യങ്ങളെല്ലാം മോചിക്കണമേ. ഞങ്ങൾ പാപം ചെയ്തു നിന്നെ കോപിപ്പിച്ചിരിക്കയാൽ പാപിനിയായ സാത്രീയെപ്പോലെ ഞങ്ങൾ നിന്റെ അടുക്കൽ നിലവിളിക്കുന്നു. മനുഷ്യസ്നേഹമുള്ളവനെ! ഞങ്ങളെ കൈക്കൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമേ. നീ വലിയ മഹത്വത്തോടെ എഴുന്നെള്ളുന്ന ദിവസത്തിൽ നിന്റെ ശൂദ്ധിമാൻമാരോടുകൂടെ നിന്റെ കൃപയ്ക്കു ഞങ്ങൾ സ്തുതി പാടുമാറാകണമേ.   ബാറക്മോർ.

കർത്താവേ! ആ ധൂർത്തനായ പുത്രനെപ്പോലെ ഞങ്ങൾ സങ്കടത്തോടെ നിന്റെ അടുക്കൽ നിലവിളിക്കുന്നു. ഞങ്ങളോടു കരുണ ചെയ്യണമേ. സ്വർഗ്ഗത്തിനും നിനക്കും വിരോധമായി ഞങ്ങൾ പാപം ചെയ്തു. കൂലിക്കാരെപ്പോലെയെങ്കിലും ഞങ്ങളെ കെക്കൊള്ളണമേ. നിന്റെ ഭവനത്തിൽ ദാസന്മാരെപ്പോലെയെങ്കിലും ഞങ്ങളെ വിചാരിക്കണമേ. നിനക്കു വിരോധമായി ഞങ്ങൾ ചെയ്തിട്ടുള്ള സകല പാപങ്ങളും ഞങ്ങളോടു ക്ഷമിക്കുകയും ചെയ്യണമേ. മൊറിയോറാഹേമേലെൻ ഉആദാറെൻ

 

ബോവൂസൊ

 

ആഹാരവും ശരീരവും ഒരുമിച്ച് നോമ്പ് നോൽക്കേണ്ടിയിരിക്കുന്നതിനാൽ ശരീരം ഭക്ഷണത്തെ വെയിയുമ്പോൾ  ആത്മാവ് തിന്മകളേയും വെടിയേണ്ടതാകുന്നു. ദുർവിചാരങ്ങളെ വെടിയാതെ ഭക്ഷണത്തെ മാത്രം വെടിഞ്ഞിട്ടുള്ള നോമ്പ് വ്യർത്ഥമാകുന്നു. കർത്താവേ! ആത്മാവിലും ശരീരത്തിലും ശരിയായിട്ട് നോമ്പു നോൽപ്പാൻ നിന്റെ കൃപ ഞങ്ങൾക്കു സഹായമായിരിക്കണമേ.

 

(പാതിനോമ്പ് ദിനം ആ ദിവസത്തേക്കുള്ള പ്രതേ്യക പ്രാർത്ഥന ഇവിടെ ചൊല്ലണം)

 

ഞങ്ങളുടെ കർത്താവായ യേശുമിശിഹാ! നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ നേരെ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നു എന്നു ഞങ്ങൾ ഏറ്റു പറയുന്നു. ഞങ്ങളോടു കരുണയുണ്ടാകണമേ. കർത്താവേ! നിന്റെ മരണത്താൽ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തു നിന്ന് ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കിക്കൊണ്ടു വന്നു; ഞങ്ങളോടു കരു ണയുണ്ടാകണമേ.

 

ദൈവമേ! നീ പരിശുദ്ധനാകുന്നു .. ഇത്യാദി കൗമാ

 

സൂത്താറാ നമസ്കാരം

ദൈവമേ! നീ പരിശുദ്ധനാകുന്നു .. ഇത്യാദി കൗമാ

 

(താഴെക്കാണുന്ന ഉയരങ്ങളിൽ ദൈവത്തിനു സ്തുതി എന്നുള്ളതും 4-ാം മസ്മൂറും ഞായറാഴ്ച അസ്തമിച്ചുള്ള സൂത്താറയ്ക്കു മാത്രം മതി – മറ്റു ദിവസങ്ങളിൽ കോലാകൾ മുതൽ ആരംഭിക്കാവുന്നതാണ്)

 

ഉയരങ്ങളിൽ ദൈവത്തിനു സ്തുതിയും ഭൂമിയിൽ സമാധാനവും നിരപ്പും മനുഷ്യമക്കൾക്കു നല്ല ശരണവും ഉണ്ടായിരിക്കട്ടെ. (കുമ്പിട്ട്, കുരിശു വരയ്ക്കണം)

 

ഉയരങ്ങളിൽ ദൈവത്തിനു സ്തുതിയും ഭൂമിയിൽ സമാധാനവും നിരപ്പും മനുഷ്യമക്കൾക്കു നല്ല ശരണവും ഉണ്ടായിരിക്കട്ടെ. (കുമ്പിട്ട്, കുരിശു വരയ്ക്കണം)

 

ഉയരങ്ങളിൽ ദൈവത്തിനു സ്തുതിയും ഭൂമിയിൽ സമാധാനവും നിരപ്പും മനുഷ്യമക്കൾക്കു നല്ല ശരണവും ഉണ്ടായിരിക്കട്ടെ. (കുമ്പിട്ട്, കുരിശു വരയ്ക്കണം)

 

4-ാം മസുമൂർ

 

ബാറെക്മോർ. എന്റെ ദൈവവും എന്റെ നീതിയുടെ രക്ഷകനുമേ! ഞാൻ നിന്നെ വിളിച്ചപ്പോൾ നീ എന്നോട് ഉത്തരമരുളി.

ബാറെക്മോർ. എന്റെ ഞെരുക്കങ്ങളിൽ എന്നെ ആശ്വസിപ്പിച്ചു.  എന്നോടു കരുണ ചെയ്ത് എന്റെ  പ്രാർത്ഥന കേൾക്കണമെ.

 

മനുഷ്യപുത്രന്മാരേ! നിങ്ങൾ എത്രത്തോളം എന്റെ ബഹുമാനത്തെ മറയ്ക്കുകയും, വ്യർത്ഥതയെ സ്നേഹിക്കുകയും വ്യാജത്തെ അന്വേഷി ക്കുകയും ചെയ്യുന്നു. എന്നേക്കുമോ ?

 

കർത്താവു അത്ഭുതത്താൽ തിരഞ്ഞെടുക്കപ്പെട്ടവനെ തനിക്കായ് വേർതിരിച്ചു എന്നറിഞ്ഞു കൊൾവിൻ; ഞാൻ കർത്താവിനെ വിളിക്കുമ്പോൾ താൻ കേൾക്കും.

 

നിങ്ങൾ കോപിപ്പിൻ; എന്നാൽ പാപം ചെയ്യരുത്; നിങ്ങളുടെ ഹൃദയങ്ങളിൽ പറയുകയും നിങ്ങളുടെ കിടക്കകളിന്മേൽ ധ്യാനിക്കയും ചെയ്വിൻ. നിങ്ങൾ നീതിയുടെ ബലികൾ കഴിച്ചു കർത്താവിൽ ആശ്രയിപ്പിൻ.

 

നല്ലവനെ നമുക്ക് ആരു കാണിച്ചുതരുമെന്നും അവന്റെ മുഖപ്രകാശം നമ്മുടെ മേൽ വിരിക്കട്ടെ എന്നും പറയുന്നവർ പലരുണ്ട്.

 

കർത്താവേ! അവരുടെ കോതമ്പും വീഞ്ഞും എണ്ണയും ഒരുമിച്ചു സമാധാനത്തോടെ വർദ്ധിച്ച കാലത്തു ഉണ്ടായതിനേക്കാൾ എന്റെ ഹൃദയത്തിൽ നിന്റെ സന്തോഷം നീ തന്നു.

 

ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; എന്തെന്നാൽ കർത്താവേ! നീ എന്നെ നിർഭയം വസിക്കുമാറാക്കും ദൈവമേ!സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

 

കോലോകൾ

 

സന്ധ്യയുടെ ഉടയവനേ! ഞങ്ങളുടെ ശുശ്രൂഷയും പ്രാർത്ഥനകളും തിരുമുമ്പാകെ ധൂപംപോലെ കെക്കൊള്ളണമേ. ഞങ്ങളെല്ലാവരുടെയും അപേക്ഷകൾക്ക് നിന്റെ കരുണയാൽ മറുപടി നൽകുകയും നിന്റെ ശ്രീഭണ്ഡാരത്തിൽനിന്ന് കരുണചൊരിയുകയും ചെയ്യണമേ. ബാറക്മോർ

 

പ്രാർത്ഥനയിൽ ഉറ്റിരിക്കുന്നവൻ ഭാഗ്യവാനാകുന്നു. അത് അവന് കോട്ടയും അഭയസ്ഥാനവും ആകുന്നു. ന്യായവിധിയുടെ ഭയങ്കരദിവസത്തിൽ മ്ശിഹായുടെ സിംഹാസനത്തിന്റെ മുമ്പിൽ അത് അവനെ മുഖകാന്തിയോടെ നിറുത്തുകയും ചെയ്യുന്നു. മൊറിയോറാഹേമേലെൻ ഉ ആദാറെൻ

 

മോർ യാക്കോബിന്റെ ബോവൂസൊ

 

ഞങ്ങളുടെ നാഥനായ കർത്താവേ നിന്നെ ഞങ്ങൾ വിളിക്കുന്നു. ഞങ്ങളുടെ സഹായത്തിന് നീ വരേണമേ. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളുടെ ആത്മാക്കള്‍ മേൽ കരുണചെയ്യണമേ.

 

തന്റെ മുഖം കണ്ണുനീരുകളാൽ നനയുമ്പോഴും കഷ്ടത നിറഞ്ഞ വിലാപത്തോടുകൂടിയ കരച്ചിലാൽ തന്റെ വായ് അടയ്ക്കപ്പെടുമ്പോഴും പാപി സ്നേഹിക്കപ്പെട്ടവനായിത്തീരുന്നു. അനുതാപിയുടെ കൺപോളകൾ ഒഴുക്കുന്ന കണ്ണുനീർ തുള്ളികൾപോലെ വിലയേറിയ രത്നങ്ങപോലും ശ്രഷ്ഠമാകുന്നില്ല.

നല്ല വർണ്ണങ്ങളാൽ അനുതാപത്തിന് രൂപം വരക്കുവാൻ കണ്ണുനീരുകൾക്കേ സാധിക്കയുള്ളൂ. എന്തെന്നാൽ കണ്ണുനീർ അനുതാപത്തിന്റെ വലിയ പെരുന്നാൾ ആകുന്നു. ആകയാൽ ഇവയെ നീ കൊണ്ടുവന്ന് ഉള്ളിൽ പ്രവേശിച്ച് മോചനം മൂലം ആനന്ദിക്കുക.

 

ദൈവമേ! എന്നോട് ഉത്തരമരുളിചെയ്ത് എന്നോടു കരുണ ചെയ്യണമേ. മനൂഷ്യരുടെ ഹൃദയ ങ്ങളെ അനുതാപത്തിലേക്ക് തിരിപ്പിക്കുകയും ചെയ്യണമേ.

കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍

 

മോർ അപ്രമിന്റെ മിമ്രാ – 1

 

(മോർ അപ്രമിന്റെ മിമ്രാ മൂന്ന് തർജ്ജിമകൾ ഇവിടെ ചേർത്തിട്ടുള്ളതിൽ ഒരെണ്ണം ചൊല്ലുക)

കർത്താവേ! കൃപ ചെയ്യണമേ

പ്രാർത്ഥന നീ കെക്കൊള്ളണമേ

നിൻ ദയവും നിൻ മോചനവും

നിന്നറയിൽ നിന്നേകണമേ.

 

എന്നുടയോനേ! സന്നിധിയിൽ

നിദ്ര തെളിഞ്ഞിന്നീയടിയാൻ 

വന്നുണർവ്വോടെ നിൽപ്പതിനായ് 

ഉന്നതനേ നീ കൃപ ചെയ്ക

 

പിന്നെയുമീനിന്നടിയാൻ ഞാൻ

നിദ്രയിലായെന്നാകിലുമെ 

എന്റെയുറക്കം സന്നിധിയിൽ 

ദോഷം കൂടാതാകണമേ

 

തിന്മകൾ ഞാനുണർവ്വിൽ ചെയ്താൽ

നന്മയൊടൊക്കെ പോകുക നീ

നിദ്രയിൽ ഞാൻ പിഴ ചെയ്തെങ്കിൽ

നിൻ ദയ മോചിച്ചീടണമേ 

 

താഴ്മയെഴും നിൻ കുരിശാലെ

നല്ലയുറക്കം നൽകണമേ 

മായകൾ ദുസ്വപ്നാദികൾ നിൻ 

ദാസനു കാണാറാകരുതേ

 

ഇന്നു സമാധാനം നിറയും

നിദ്രയൊടെന്നെ കാക്കുക നീ 

എന്നിലസത്തും ദുർനിനവും

 വന്നധികാരം ചെയ്യരുതേ

 

നിന്നടിയാൻ ഞാനെന്നതിനാൽ 

എന്നുടലിന്നും കാവലിനായ്

നിൻ വെളിവിന്റെ ദൂതനെ നീ

 എന്നരികത്താക്കീടണമേ

 

യേശുവേ! ജീവനിരിക്കും നിൻ 

ദിവ്യശരീരം തിന്നതിനാൽ

നാശമുദിക്കുന്നാഗ്രഹമെൻ

ചിത്തമതിൽ തോന്നീടരുതേ

 

രാവിലുറങ്ങുമ്പോളരികിൽ

കാവലെനിക്കായ് തിരുരക്തം

നിന്നുടെ രൂപത്തിനു സദാ

നീ വിടുതൽ തന്നീടണമേ

 

നിൻ കെ മെനഞ്ഞോരെന്നുടലിൽ

നിന്റെ വലങ്കെയാകണമേ

നിൻ കൃപ ചുറ്റും കോട്ടയുമായ് 

കാവലതായും തീരണമേ

 

അംഗമടങ്ങും നിദ്രയതിൽ

നിൻ ബലമെന്നെ കാക്കണമേ 

എന്റെയുറക്കം നിന്നരികിൽ ധൂ

പം പോലെയുമാകണമേ

 

അമ്പൊടു നിന്നെ പ്രസവിച്ചൊ- 

രമ്മയുടെ നൽ പ്രാർത്ഥനയാൽ 

എൻ ശയനത്തിന്മേൽ രാവിൽ 

ദുഷ്ടനടുക്കാറാകരുതേ

 

എൻ ദുരിതത്തിൻ പരിഹാരം

നൽകിയ നിന്റെ ബലിയാലേ 

എന്നെ ഞെരുക്കീടാതെ മഹാ- 

ദുഷ്ടനെ നീ മാറ്റീടണമേ

 

നിന്നുടെ വാഗ്ദാനം കൃപയാൽ 

എങ്കലഹോ നീ നിറവേറ്റി

നിൻ കുരിശാലെൻ ജീവനെ നീ 

മംഗലമോടും കാക്കണമേ.

 

ഏറിയൊരെന്റെ ഹീനതയിൽ

പ്രീതിയെ നീ കാണിച്ചതിനാൽ 

ഞാനുണരുമ്പോൾ നിൻ കൃപയെ

 ഒാർത്തു പുകഴ്ത്താറാകണമേ.

 

നിന്തിരുവിഷ്ടം നിന്നടിയാൻ 

അമ്പിലറിഞ്ഞായതുപോലെ

തന്നെ നടപ്പാൻ നിൻ കൃപയാൽ 

എന്നിൽ നിത്യം കൃപ ചെയ്ക

 

നന്മ നിറഞ്ഞോരന്തിയെയും

പുണ്യം നിറയും രാവിനെയും 

എന്നുടെയോനാം മിശിഹായെ!

നിന്നടിയങ്ങൾക്കേകണമേ

 

സത്യവെളിച്ചം നീ പരനേ!

നിന്റെ മഹത്വം വെളിവാൽ താൻ

നൽവെളിവിൻ സുതരായവരും

നിൻ മഹിമയ്ക്കായ് സ്തുതി പാടും 

 

മാനവരക്ഷകനേ! സ്തുതി നിൻ

ദാസരിലെന്നും നിൻ കൃപയെ 

ഈയുലകിൽ നീയെന്നതുപോൽ 

ആലോകത്തിലുമേകണമേ

 

എന്നുടയോനേ! സ്തുതി നൽകീ- 

ടുന്നു നിനെക്കൻ രക്ഷകനേ 

ആയിരമോടൊത്തായിരമായ്

യേശുവേ! നിന്നെ സ്തുതിപാടും 

 

ദിവ്യജനത്തിന്നുടയോനെ!

ദിവ്യജനം വാഴ്ത്തുന്നവനേ! 

കീർത്തനമോതീടുന്നവരിൽ

പ്രാർത്ഥനയെ കെക്കൊള്ളണമേ. 

 

യാവനൊരുത്തൻ മൂവരുമായ്

മൂവരതൊന്നായും മരുവും 

താതസൂതാശ്വാസ പ്രദനാം- 

സത്യപരന്നായ് സുതിനിത്യം

 

ഹീനരുടെയീ പ്രാർത്ഥനയും 

താപികൾ തൻകണ്ണീരുകളും

ആദ്യഫലത്തിൻ കാഴ്ചകൾപോൽ 

ഏൽക്കുമനവന്നായ് സുതുതിയെന്നും

 

വാനവരെന്നും സ്തുതിയാലേ

നിന്നു പുകഴ്ത്തീടുന്നവനെ

പൂഴികളായീടുന്നവരും

നിൻമഹിമയ്ക്കായ് സ്തുതിപാടും 

 

താതസുതാശ്വാസപ്രദനാം

ഏകപരൻ തൻ തിരുമുമ്പിൽ 

ദോഷമകന്നോരറിവോടെ

പാടുക നാം സങ്കീർത്തനവും 

 

കൊല്ലുന്നൊരു നഞ്ചായവയാം

വെള്ളികൾ പൊന്നും നേടരുതേ

നല്ലനുനിന്നിൽ പ്രീതിവരാൻ

നല്ലുപദേശം നേടുക നീ

 

നാൽപ്പതുനോമ്പോടഗതിക്കാർ-

ക്കപ്പവുമേകിപ്പോറ്റുക നീ 

മാന്നവനീശായ് സുതനേപ്പോ 

ലെഴുയാമം പ്രാർത്ഥിക്ക

 

മോശയുമേലീയാവുമർ

നോറ്റുപവാസം നാൽപ്പതുനാൾ 

യേശുവുമീനോമ്പേറ്റതിനാൽ

നാശകനേ തോൽപ്പിച്ചുടനെ 

 

വൻകടലിൽ നിന്നേറിയനൽ-

യോനാ നിബിയുടെ പ്രാർത്ഥനയാൽ 

ഈയടിയാർക്കും നിൻകൃപയിൻ 

വാതിൽ തുറക്കാറാകണമേ

 

സിംഹഗണത്തിൻ കുഴിയിൽ നി- 

ന്നേറിയ ദാനീയേലിനുടെ

പ്രാർത്ഥനയാലെ നിൻകൃപയിൻ 

വാതിൽ തുറക്കാറാകണമേ

 

തീക്കുഴി തന്നിൽ നിന്നരികെ 

വന്നശിപ്രാർത്ഥനയാലെ 

ഈയടിയാർക്കും നിൻകൃപയിൻ 

വാതിൽ തുറക്കാറാകണമേ

 

പ്രാർത്ഥനയെ കേൾക്കുന്നവനേ! 

യാചനയെ നൽകുന്നവനേ!

പ്രാർത്ഥന കേട്ടീദാസരുടെ 

യാചനയെ നൽകീടണമേ.       കുറിയേ........കുറിയേ. കുറിയേ

മോർ അപ്രമിന്റെ മിമ്രാ - 2

കർത്താവേ കൃപ ചെയ്യണമേ

കെക്കൊണ്ടടിയാരുടെ കർമം 

പൊറുതിയയച്ചരുളണമേ

നിന്നറയീന്നലിവുമനുഗ്രഹവും.

 

നിദ്രവെടിഞ്ഞിട്ടുണർവൊടു ഞാൻ

നിൻ മുൻ നിൽക്കാറാകണമേ 

വീണ്ടുമുറങ്ങിലതിൽ പാപം 

തീണ്ടുകയും ചെയ്യരുതേ ഞാൻ.

 

അക്രമമുണർവിൽ ചെയ്കിൽ ഞാൻ

പോക്കണമേ നാഥാ! കൃപായാൽ

നിദ്രയിൽ ഞാൻ പാപം ചെയ്കിൽ

നിൻ കൃപ മോചനമരുളണമേ.

 

എളിമയെഴും നിൻ കുരിശിനെയോർ-

ത്തേകണമടിയനു സുഖനിദ്ര 

മായാരൂപ കാഴ്ചകളിൽ

പായാതെന്നെ രക്ഷിക്ക. 

 

സ്വച്ഛന്ദമുറങ്ങും നേരം

ദുഷ്ചിന്തകൾ ദുഷ്ടൻമാരും 

എന്നേവന്നു ഭരിക്കായ്വാ

നീരാവിൽ കാക്കണമെന്നെ.

 

എൻ ദേഹമശേഷം കാപ്പാ-

നേകുക വെളിവിൻ ദൂതനെ നീ

നിൻ മെയ് ഞാൻ ഭക്ഷിച്ചതിനാൽ 

ദുർമോഹേ വീഴരുതേ ഞാൻ.

 

ആശ്വാസത്തോടുറങ്ങുമെനി-

ക്കാവുക നിൻ രക്തം കാവൽ 

ഈ നിൻ സദൃശമതാം സൃഷ്ടി- 

ക്കേകണമേ നീ സ്വാതന്ത്ര്യം.

 

നിൻ കെവേലയതാം മെയ്മേൽ

നിന്റെ വലങ്കെ മേവണമേ

പരിചയ്ക്കൊപ്പം കാക്കുക

നിൻ കരുണക്കോട്ട വളഞ്ഞെന്നെ. 

 

മെയ്യതുറങ്ങുമ്പോൾ കാവൽ

ചെയ്യണമേ നിന്നുടെ ശക്തി 

ഏൽക്കണമേ നൽ ധൂപം പോ-

ലെന്റെയുറക്കും തിരുമുമ്പിൽ.

 

നിൻ മാതൃ പ്രാർത്ഥനയാലെൻ

ശയ്യയ്ക്കണയരുതേ ദുഷ്ടൻ 

എന്നേ ഹിംസിക്കായ്വാൻ നിൻ

ബലി സാത്താനെ വിലക്കണമേ.

 

നിൻവാക്കെന്നിൽ നിവൃത്തിക്ക

നിൻ കുരിശെന്നുയിർ കാത്തിടുക 

എന്നെത്താങ്ങിയ നിന്നൻപാൽ

നിന്നെയുണർവിൽ സ്തുതിചെയ്വാൻ

 

നിന്നിഷ്ടം കേട്ടതിനേ ഞാ-

നനുവർത്തിപ്പാൻ കർത്താവേ!

നീതിയെഴുന്നൊരു രാവുമെനി 

ക്കേകണമെ നൽസന്ധ്യയതും.

 

വെളിവാം മ്ശീഹാ രക്ഷക നീ

വെളിവിൽത്തന്നേ നിൻവാസം 

വെളിവിൻ പുത്രൻമാർ നിന്നെ 

ത്തന്നേ വന്ദീച്ചീടുന്നു.

 

വെളിവിൽ വസിക്കുന്നുലകത്തിൻ

രക്ഷകനാമീശോ സ്തോത്രം 

ഇഹപരലോകങ്ങളിൽ നിന്റെ 

കൃപ ഞങ്ങളിലുണ്ടാകണമേ.

 

സ്തോത്രം സ്തോത്രം കർത്താവേ!

സ്തോത്രമതായിരമായിരമായ് 

അനവധിയായ് സ്തോത്രം 

നാഥാ! കൃപ വേണം ഞങ്ങളിലെന്നും.

 

സ്തോത്രം! മാലാഖകൾ ശുശ്രൂ-

ഷിച്ചീറയർ വന്ദിപ്പവനേ

പ്രാർത്ഥന കേൾക്കീറയരുടെയും 

മാലാഖകളുടെയും നാഥാ!

 

ത്രിതെ്വകത്വവുമേകത്വ-

ത്രിത്വവുമായി സ്ഥിതി ചെയ്യും

പിതൃസുത പരിശുദ്ധാളഹാവാം 

സതേ്യകപരനായ് സ്തോത്രം.

 

ബലഹീനജന പ്രാർത്ഥനയെ

കേൾപ്പാനും കാഴ്ചകൾപോലെ 

അനുതാപം പൂണ്ടോർ കണ്ണീർ 

കെക്കൊള്ളുന്നവനും സ്തോത്രം

 

ഈറയർ ശുശ്രൂഷിപ്പോനേ!

മാലാഖകൾ വാഴ്ത്തുന്നോനേ 

വൃക്ഷദലത്തിൻ സംഖ്യയിൽ മൺ- 

മയർ നിന്നെ സ്തുതി ചെയ്യുന്നു.

 

പിതൃസുത പരിശുദ്ധാളഹകനാം

സതേ്യകപരനായ് സ്തോത്രം 

ചെയ്തീടേണം നാം സത്യ-

ജ്ഞാന വിവേകത്തോടു കൂടി. 

 

മൃതികരവിഷമാം പൊൻവെള്ളി-

ധനമയ്യോ നേടരുതേ നീ തേടുക 

സുഖകരമുപദേശം

നിന്നേ നാഥൻ സ്നേഹിപ്പാൻ.

 

നാല്പതുനോമ്പിനെ നോക്കുക നീ

തീറ്റുക തീനില്ലാത്തവരെ 

ഇൗശായിസുതനൊപ്പം നീ

പ്രാർത്ഥിക്കുക ദിനമേഴൂഴം.

 

നാല്പതു നാളിന്നുപവാസം

മൂശ കഴിച്ചേലിയായും

നാഥൻ ശത്രുവിനെവെന്നു

നാല്പതു നാളുപവാസത്താൽ.

 

കടൽകൂഴിയഗ്നി ചൂളകളിൽ

നിന്നു കരേറിയ പ്രാർത്ഥനകൾ 

അടിയാരുടെ പ്രാർത്ഥനകൾക്കും 

കൃപയാം വാതിൽ തുറക്കണമേ.

 

പ്രാർത്ഥന കേട്ടീടുന്നവനേ!

യാചന നൽകീടുന്നവനേ!

പ്രാർത്ഥന കേട്ടു നിരപ്പായി 

കൃപയാൽ യാചന നൽകണമേ.

 

മോർ അപ്രമിന്റെ മിമ്രാ - 3

ഞങ്ങൾക്കുള്ള കർത്താവേ!

ഞാനിഹ നിദ്രയൊഴിഞ്ഞിട്ട് 

ഉണർവോടെ നിൻതിരുമുമ്പിൽ

നിൽപാൻ കൃപ നീ നൽകണമേ 

 

വീണ്ടും ഞാനുറങ്ങുന്നാകിൽ

എനിക്കുള്ള എന്റെയുറക്കം 

കർത്താവേ നിൻ തിരുമുമ്പിൽ 

ദോഷം കൂടാതാകണമേ.

 

എന്നുണർച്ചയിൽ ഞാൻ ചതിപെടുകിൽ

നിൻ നന്മയിൽ ഞാൻ പൊറുക്കപ്പെടും 

ഉറക്കത്തിൽ ഞാൻ പിഴച്ചെങ്കിൽ 

പൊറുപ്പാൻ കരുണ നീ ചെയ്യണമേ.

 

തവക്ഷീണത്തിൽ സ്കീപ്പായാൽ

നല്ലയുറക്കമെനിക്കു നീ തരിക 

ആകാസ്വപ്നമശുദ്ധിയിൽ നീ- 

ന്നെന്നെ നീ രക്ഷിച്ചുകൊള്ളണമേ.

 

നിരപ്പുനിറഞ്ഞയുറക്കത്തിൽ

രാവൊക്കെയുമെന്നെ നീ ഭരിക്ക 

തണ്യവരും വേണ്ടാനിനവും 

എന്നിൽ മുഷ്ക്കരമാക്കല്ലേ

 

നിന്റെ അടിയാൻ ഞാനതിനാ-

ലെന്റെ സന്ധികൾ കാപ്പാനായ് 

വെളിവിനുടെ മാലാഖയെ 

എനിക്കു നീ തരണം കർത്താവേ.

 

ദേ്വഷതപെട്ടയപേക്ഷയിൽ നി-

ന്നെന്നെ നീ രക്ഷിച്ചു കൊള്ളണമേ 

ഉയിർപെട്ട നിൻ ദേഹത്തെ- 

ഞാനനുഭവിച്ചെന്നതിനാലെ.

 

ഞാൻ ചരിഞ്ഞനുകൂലത്താലുറങ്ങുമ്പോൾ

നിന്റെ ചോരയെനിക്കു കാവൽ

നിൻ മെനച്ചിലിനുടെ സ്വതകർമം

നിൻകൃപയോടെ നൽകണമേ.

 

നിൻ കെ മെനഞ്ഞ ശരീരത്തെ

നിന്റെ വലത്തേതാക്കണമേ

നിന്റെ കരുണകൾ കോട്ടയതായ് 

എനിക്ക് നീ ചുറ്റിച്ചു കൊള്ളണമേ

 

ശരീരമടങ്ങിയുറങ്ങുമ്പോൾ

കാവലതായതു നിൻശക്തി 

സൗരഭ്യമായ ധൂപം പോൽ 

എന്റെയുറക്കം തിരുമുമ്പിൽ

 

നിന്നെപ്പെറ്റാളമ്മയുടെ

നിന്നോടുള്ളയപേക്ഷയാലേ 

എനിക്കുള്ള ശയനത്തിൻമേൽ 

തിന്മപെട്ടവനണയരുതേ.

 

എനിക്കുവേണ്ടീട്ടുണ്ടായെന്ന

നിനക്കുള്ള പൂജയാലെ

എന്നെ വ്യസനത്തിലാക്കായ്വാൻ 

സാത്താനെ നീ മുടക്കണമേ.

 

കർത്താവേ നിൻ പറഞ്ഞൊപ്പ്

എന്റെ പക്കൽ തികയ്ക്കണമേ

നിനക്കുള്ള സ്ളീബായാലെ 

എന്റെ ആയു ് കാക്കണമേ.

 

ഞാനുണരപ്പെട്ടീടുമ്പോൾ

നിന്നെ ഞാൻ കൊണ്ടാടുവാൻ 

എന്റെ തളർച്ചയുടെ പക്കൽ

നിന്റെ ഉപവി നീ കാട്ടണമേ.

 

നിൻതിരുമന ിനെ ഞാനറിഞ്ഞ്

ഞാനതിനെ ചെയ്വാനായ്

നിൻതിരുമനഗുണമതിനാലേ

എനിക്കു നീ മനോഗുണം ചെയ്യണമേ.

 

നിരപ്പുനിറഞ്ഞോരന്തിയും

പുണ്യത്വത്തിനുടെ രാവും

ഞങ്ങളുടെ രക്ഷകൻ മ്ശിഹാ 

കർത്താവേ അടിയാർക്കു നീ തരിക.

 

വെളിവിൽ താൻ പ്രകാശിച്ചു

വെളിവിൽ തന്നെ പാർക്കുന്നു 

വെളിവിനുടെ സുതരായവരും

നിന്നെത്തന്നെ വന്ദിക്കുന്നു.

 

നിനക്കു സ്തുതി നിന്നനുഗ്രഹങ്ങൾ

ഞങ്ങടെ മേലുമതാകണമേ 

ഇഹലോകത്തിലമതുപോലെ

പരലോകത്തിലുമതാകണമേ.

 

എന്റെ കർത്താവേ നിനക്കു സ്തുതി

നിനക്കു സ്തുതി, സ്തുതി നിനക്കു സ്തുതി 

ആയിരങ്ങളുടെ ആയിരവും

അളവു കൂടാതെ നിനക്കു സ്തുതി. 

 

സ്വർഗ്ഗാദൂതർക്കുടയവനേ

അവരാൽ മഹത്വപ്പെടുന്നവനേ 

വന്ദനവോടു നിനക്കു സ്തുതി

പ്രാർത്ഥനകൾ കെക്കൊള്ളണമേ

 

ത്രിയേക മേകത്രിയാം

ഏകദെവമായുള്ള

പിതൃസുത പരിശുദ്ധാളഹാവാം

 സത്യപരനെ നിനക്കു സ്തുതി

 

ബലഹീനരുടെയപേക്ഷകളും

അനുതാപികളുടെ കണ്ണുനീരും 

മുൻഫലമായ കാഴ്ചകൾപോൽ 

കെക്കൊൾവോനേ നിനക്കു സ്തുതി

 

സ്വർഗ്ഗാദൂതന്മാർതന്നെ

സ്തുതിയാൽ ഘോഷിക്കുന്നവനേ

പൂഴികളായവരിൽ നിന്ന് 

അളവില്ലാതെ നിനക്കു സ്തുതി

 

പിതൃസുതപരിശൂദ്ധാളഹാവാം

ഏകദെവത്തിൻ പക്കൽ

നിർമ്മലമായ ബോധത്താൽ 

സ്തോത്രം നാം ചെയ്തീചേണം

 

കൊല്ലും വഞ്ചനയായുള്ള

പൊന്നും വെള്ളിയും നേടേണ്ട

നിത്യജീവൻ പ്രപിപ്പാൻ 

സതേ്യാപദേശം കേൾക്ക

 

നാൽപതുനാൾ ഉപവസിക്ക

വിശക്കുന്നവനപ്പം കൊടുക്ക 

ഇൗശായ് സുതനേപ്പോൽ ദിനം 

ഏഴുവട്ടം പ്രാർത്ഥിക്ക

 

മൂശയുമേലിയായും

നാൽപ്പതു ദിനം നോമ്പെടുത്തു

നമ്മുടെ കർത്താവും നോറ്റു 

ആകൽക്കറുസായെ ജയിച്ചു

 

കടൽകൂപാമഗ്നികളിൽ

രക്ഷിച്ചെന്ന പ്രാർത്ഥനകൾ 

ഞങ്ങളുടെ നമസ്കാരങ്ങൾക്കു 

കൃപയുടെ വാതിൽ തുറക്കണമേ

 

നമസ്കാരം കേൾക്കുന്നവനേ

യാചനകൾ നൽകുന്നവനേ 

ഞങ്ങളുടെ നമസ്കാരം കേട്ടു 

യാചനകൾ നൽകീടണമേ.

കുറിയേലായിസോന്‍, കുറിയേലായിസോന്‍, , കുറിയേലായിസോന്‍

 

91-ാം മസ്മൂർ121-ാം മസ്മൂർ (വിശുദ്ധ ഗ്രന്ഥം)

 

 ബാറെക്മോർ, അത്യുന്നതന്റെ മറവിൽ ഇരിക്കുന്നവനും ദൈവത്തിന്‍റെ നിഴലിൽ മഹത്വപ്പെടുന്നവനുമായ (മനുഷ്യാ)!

 

ബാറെക്മോർ. നീ കർത്താവിനോടു എന്റെ ശരണവും എന്റെ സങ്കേത സ്ഥലവും, ഞാൻ ആശ്രയിച്ചിരിക്കുന്ന ദൈവവും (നീ ആകുന്നു) എന്നു പറയുക.

 

എന്തെന്നാൽ താൻ വിരുദ്ധത്തിന്റെ കെണിയിൽ നിന്നും വ്യർത്ഥസംസാരത്തിൽ നിന്നും നിന്നെ രക്ഷിക്കും.

 

തന്റെ  തൂവലുകൾ കൊണ്ട്  നിന്നെ  രക്ഷിക്കും. തന്റെ  ചിറകുകളുടെ  കീഴിൽ നീ  മറയ്ക്കപ്പെടും. തന്റെ സത്യം നിന്റെ ചുറ്റിലും ആയുധമായിരിക്കും 

 

നീ രാത്രിയിലെ ഭയത്തേയും, പകൽ പറക്കുന്ന അസ്ത്രത്തേയും ഇരുട്ടിൽ സഞ്ചരിക്കുന്ന വചന ത്തേയും ഉച്ചയിൽ ഉൗതുന്ന കാറ്റിനേയും ഭയപ്പെടേണ്ട.

 

നിന്റെ ഒരു ഭാഗത്തു ആയിരങ്ങളും നിന്റെ വലതുഭാഗത്തു പതിനായിരങ്ങളും വീഴും,

 

അവ നിങ്കലേക്ക് അടുക്കുകയില്ല.  എന്നാലൊ നീ സ്വന്ത കണ്ണുകൾകൊണ്ടു നോക്കി ദുഷ്ടന്മാർക്കുള്ള പ്രതിഫലം കാണും.

 

എന്തെന്നാൽ ഉയരങ്ങളിൽ വാസസ്ഥലമാക്കിയ എന്റെ ശരണമായ കർത്താവ് നീ ആകുന്നു. ദോഷം നിന്നോടടുക്കുകയില്ല. ശിക്ഷ നിന്റെ കൂടാരത്തെ സമീപിക്കുകയുമില്ല.

 

 നിന്റെ സകല വഴികളിലും നിന്നെ കാക്കേണ്ടുന്നതിന്ന്   അവൻ നിന്നെക്കുറിച്ചു തന്റെ മാലാഖമാരോടു കല്‍പ്പിക്കും

 

നിന്റെ കാൽ ഇടറാതിരിപ്പാൻ അവരുടെ ഭുജങ്ങളിൽ നിന്നെ വഹിക്കും.

 

 ഗോർസൊ സർപ്പത്തേയും ഹർമോനൊ സർപ്പത്തേയും നീ ചവിട്ടും സിംഹത്തേയും പെരുമ്പാമ്പിനേയും നീ മെതിക്കും.

 

അവൻ എന്നെ അന്വേഷിച്ചതുകൊണ്ട് ഞാൻ അവനെ രക്ഷിക്കും; അവൻ എന്റെ നാമം അറിഞ്ഞതുകൊണ്ട്  ഞാൻ അവനെ ബലപ്പെടുത്തും.   അവൻ എന്നെ വിളിക്കും 

 

ഞാൻ അവനോട് ഉത്തരം പറയും. ആപത്തുകാലത്ത് ഞാനവനോടുകൂടെയിരുന്ന്  അവനെ  ബലപ്പെടുത്തുകയും  ബഹുമാനിക്കുയും ചെയ്യും.

 

ദീർഘായുസുകൊണ്ട് ഞാൻ അവനെ തൃപ്തിപ്പെടുത്തും. എന്റെ രക്ഷ ഞാൻ അവനെ കാണിക്കയും ചെയ്യും.

 

ഞാൻ പർവ്വതത്തിലേക്കു എന്റെ കണ്ണുകളെ ഉയർത്തും. എന്നെ  സഹായിക്കുന്നവൻ എവിടെ നിന്നു വരും?

 

എന്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിന്റെ സന്നിധിയിൽ നിന്നാകുന്നു. താൻ നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകയില്ല. നിന്റെ കാവൽക്കാരൻ ഉറക്കം തൂങ്ങുകയില്ല. എന്തെന്നാൽ ഇസ്രായേലിന്റെ കാവൽക്കാരൻ ഉറക്കം തൂങ്ങുന്നുമില്ല. ഉറങ്ങുന്നുമില്ല.

 

നിന്റെ കാവൽക്കാരൻ കർത്താവാകുന്നു. കർത്താവു വലങ്കെകൊണ്ടു നിന്നെ ചൂടും.

പകൽ ആദിത്യനും രാത്രിയിൽ ചന്ദ്രനും നിന്നെ ഉപദ്രവിക്കുകയില്ല.

 

കർത്താവു സകല ദോഷങ്ങളിൽ നിന്നും നിന്നെ കാത്തുകൊള്ളും. താൻ നിന്റെ ആത്മാവിനെ കാത്തുകൊള്ളും.

 

കർത്താവു  നിന്റെ ഗമനത്തെയും  നിന്റെ  ആഗമനത്തെയും ഇതുമുതൽ  എന്നേയ്ക്കും  കാത്തു കൊള്ളും  ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.

 

ഹാലേലുയ്യാ ഉഹാലേലുയ്യാ ഉ ഹാലേലുയ്യാ, മെൻഒാലം വാദാമൊൽ ഓലം ഓ ൽമീനാമ്മീൻ

മോർ സേവേറിയോസിന്റെ അപേക്ഷ

 

മഹോന്നതന്റെ മറവിൽ ഇരിക്കുന്നവനായ കർത്താവേ നിന്റെ കരുണയിൽ ചിറകുകളുടെ നിഴലിൽ കീഴിൽ ഞങ്ങളെ മറച്ച്, ഞങ്ങളോട് കരുണ ചെയ്യണമേ.

 

സകലവും കേൾക്കുന്നവനേ! നിന്റെ കരുണയാൽ നിന്റെ ദാസരുടെ അപേക്ഷ നീ കേൾക്കണമേ. മഹത്ത്വമുള്ള രാജാവും ഞങ്ങളുടെ രക്ഷകനുമായ മിശിഹാ! നിരപ്പുനിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്യമുള്ള രാവും ഞങ്ങൾക്കു നീ തരണമേ.

 

ഞങ്ങളുടെ കണ്ണുകൾ നിന്റെ അടുക്കലേയ്ക്ക് ഉയർത്തിയിരിക്കുന്നു. ഞങ്ങളുടെ കടങ്ങളും പാപങ്ങളും പരിഹരിച്ച് ഇഹവും പരവുമായ രണ്ടു ലോകങ്ങളിലും ഞങ്ങളോടു കരുണചെയ്യണമേ.

 

കർത്താവേ! നിന്റെ കരുണ ഞങ്ങളെ മറച്ച് നിന്റെ കൃപ ഞങ്ങളുടെ മുമ്പിൽ

നിൽക്കണമേ. നിന്റെ സ്ലീബാ ദുഷ്ടനിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ.

 

ഞങ്ങൾ ജീവനോടിരിക്കുന്ന നാളുകളൊക്കെയും നിന്റെ വലതുകെ ഞങ്ങളുടെ മേൽ ആവസിപ്പിക്കണമേ.

 

നിന്റെ സമാധാനം ഞങ്ങളുടെ ഇടയിൽ വാഴുമാറാകണമേ. നിന്നോടപേക്ഷിക്കുന്ന ആത്മാക്കള്‍ക്കു ശരണവും രക്ഷയും നീ ഉണ്ടാക്കണമേ.

 

നിന്നെ പ്രസവിച്ച മറിയാമിന്റെയും നിന്റെ സകല പരിശുദ്ധന്മാരുടേയും പ്രാർത്ഥനയാൽ ദെവമേ! ഞങ്ങളുടെ കടങ്ങൾക്ക് പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണചെയ്യണമേ.

 

(ക്രാബേന്മാരുടെ സ്തുതി -ഹസ്കീയേൽ 3:12)

 

(കുമ്പിട്ട് കുരിശുവരയ്ക്കണം)

കർത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്തുനിന്നും എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. വിശുദ്ധിയും മഹത്വമുള്ള ത്രിത്വമേ! ഞങ്ങളോടു കരുണ ചെയ്യണമേ.

കർത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്തുനിന്നും എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. വിശുദ്ധിയും മഹത്വമുള്ള ത്രിത്വമേ! ഞങ്ങളോടു കരുണ ചെയ്യണമേ.

കർത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്തുനിന്നും എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. വിശുദ്ധിയും മഹത്വമുള്ള ത്രിത്വമേ! കൃപയുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമേ.

നീ എന്നേക്കും വിശുദ്ധിയും മഹത്ത്വവുമുള്ളവനുമാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്ത്വവുമുള്ളവനുമാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു. ഞങ്ങളുടെ കർത്താവേ! നിനക്കു സ്തുതി.

ഞങ്ങളുടെ കർത്താവേ! നിനക്കു സ്തുതി. എന്നേക്കും ഞങ്ങളുടെ ശരണവുമേ! നിനക്കു സ്തുതി. ബാറെക്മോർ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ  പിതാവേ........

വിശ്വാസ പ്രാമാണം

സർവശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും.............. കാണപ്പെടുന്നവയും  കാണപ്പെടാത്തവയുമായ  സകലത്തിന്റെയും  സ്രഷ്ടാവായ സതേ്യക  ദൈവത്തിൽ (ഞങ്ങൾ വിശ്വസിക്കുന്നു).

 

ദൈവത്തിന്‍റെ ഏകപുത്രനും, സർവലോകങ്ങൾക്കും മുമ്പേ പിതാവിൽ നിന്നു ജനിച്ചവനും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാ ത്തവനും, സാരാംശത്തിൽ പിതാവിനോടു ഒന്നായിരിക്കുന്നവനും, താൻമൂലം സകലവും ഉളവായവനും, മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി തിരുവിഷ്ടപ്രകാരം  സ്വർഗത്തിൽ നിന്നി റങ്ങി, പരിശുദ്ധ റൂഹായിൽ നിന്നും ദെവമാതാവായ വിശുദ്ധ കന്യക മറിയാമിൽ നിന്ന് ശരീരിയായിത്തീർന്നു മനുഷ്യനായി, പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങളിൽ ഞങ്ങൾക്കുവേണ്ടി   കുരിശിൽ തറയ്ക്കപ്പെട്ട്, കഷ്ടത അനുഭവിച്ചു മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു സ്വർഗത്തിലേക്കു കരേറി തന്റെ പിതാവിന്റെ വലതുഭാഗത്ത് ഇരുന്നവനും, ജീവനുള്ളവരേയും മരിച്ചവരേയും വിധിപ്പാൻ തന്റെ വലിയ മഹത്ത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും, തന്റെ രാജ്യത്തിനു അവ സാനമില്ലാത്തവനുമായ യേശുമ്ശീഹാ ആയ ഏക കർത്താവിലും (ഞങ്ങൾ വിശ്വസിക്കുന്നു.)

 

സകലത്തേയും ജീവിപ്പിക്കുന്ന കർത്താവും പിതാവിൽ നിന്നു പുറപ്പെട്ടു പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും, നിബിയന്മാരും ശ്ളീഹന്മാരും മുഖാന്തരും സംസാരിച്ചവനുമായ ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും, കാതോലികവും, ശ്ളെഹികവുമായ ഏക വിശുദ്ധ സഭയിലും (ഞങ്ങൾ വിശ്വസിക്കുന്നു.)

 

പാപമോചനത്തിനു മാമോദീസാ ഒന്നു മാത്രമാകുന്നു എന്നു ഞങ്ങൾ ഏറ്റു പറഞ്ഞ്, മരിച്ചുപോയവരുടെ ഉയിർപ്പിനും, വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങൾ നോക്കി    പാർക്കുന്നു.

ജനം:ആമ്മീൻ

ശുശ്രൂഷകൻ:ബാറെക്മോർ, സ്തൗമെൻകാലോസ്              

ജനം:കുറിയേലായിസോൻ

 

ഹൂത്തോമ്മോ  - സ്ളീബോ സ്ഗീദോ

 

മാലാഖമാർക്കു ബഹുമാനമുള്ളതും  പിശാചുക്കൾക്കു ഭയങ്കരവും സത്യവിശ്വാസികൾക്കുബലമുള്ള കോട്ടയും ആകുന്ന ദൈവപുത്രന്റെ വന്ദ്യ സ്ളീബാ രാത്രിയിലും പകലും സന്ധ്യയിലും പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും എല്ലാ നാഴികയിലും എല്ലാ സമയത്തും നമ്മോടുകൂടെയും നമ്മുടെ ഇടയിലും ഇരുന്നു നമ്മെ കാത്തു മറച്ചുകൊള്ളുമാറാകട്ടെ. ദുഷ്ടമനുഷ്യരുടെ കഠിന കോപത്തിൽ നിന്നും പിശാചുക്കളുടെയും  അവിശ്വാസികളുടെയും അസൂയയിൽ നിന്നും ഉപദ്രവമുള്ള അധികാരങ്ങളിൽ നിന്നും ദയ വില്ലാത്ത യജമാനന്മാരുടെ  കെകളിൽ നിന്നും രഹസ്യവും പരസ്യവുമായ ശത്രുക്കളിൽ നിന്നും ബലം ചെയ്യുന്ന കെയിൽ നിന്നും അന്യമായ കാലിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും ആത്മാവിനെനെയും ശരീരത്തെയും നശിപ്പിക്കുന്ന ദുർവികാരങ്ങളിൽ നിന്നും പാപത്തിന്റെ ശക്തിയിൽ നിന്നും നാം ഒഴിഞ്ഞു  രക്ഷപ്പെട്ടു വീണ്ടുകൊള്ളപ്പെടുമാറാകട്ടെ. ആയതു  കരുണയുള്ള  മാതാവും ജയം  ധരിക്കുന്നവളും  രണ്ടാമത്തെ സ്വർഗ്ഗവും  സത്യ  ക്രിസ്ത്യാനികളുടെ  പുകഴ്ചയും ആയിരിക്കുന്ന  മാലിന്യമില്ലാത്ത വിശുദ്ധ കന്യകയായി ദൈവമാതാവായിരിക്കുന്ന മറിയാമിന്റെ പ്രാർത്ഥനകളാലും അപേക്ഷകളാലും തന്നെ. ബാറെക്മോർ.

ജയകരവും രക്ഷാകരവും ജീവിപ്പിക്കുന്നതുമായ സ്ളീബായുടെ  വലിയ ശക്തിയാലും നിബിയന്മാരുടെയും ശ്ലീഹന്മാരുടെയും സഹദേന്മാരുടെയും മൗദ്യാനന്മാരുടെയും നീതിമാന്മാരുടെയും ആചാര്യന്മാരുടെയും വിശുദ്ധ പിതാക്കന്മാരുടെയും സത്യ ഇടയന്മാരുടെയും സ്തുതി ചൊവ്വാക്കപ്പെട്ട മല്പാന്മാരു ടെയും പ്രാർത്ഥനകളാലും വിശുദ്ധ സഭയിലെ മല്പാന്മാരായ മോർ അപ്രമിന്റെയും മോർ യാക്കോബി ന്റെയും മോർ ഇസഹാക്കിന്റെയും മോർ ബാലായിയുടെയും മോർ ബർസൗമായുടെയും   പ്രാർത്ഥനക ളാലും മോർ തോമാശ്ലീഹായുടെയും ശ്രഷ്ഠനും ദൈവിക സഹദേന്മാരുടെ കിരീടവുമായ മോർ ഗീവർഗീസ് സഹദായുടെയും മോർ ബഹനാമിന്റെയും അവന്റെ സഹോദരിയായ സാറയുടേയും അവന്റെ കൂട്ടുകാരായ നാല്പതു സഹദേന്മാരുടേയും പ്രാർത്ഥനകളാലും മോർ യോഹന്നാൻ മാംദോനോയുടെയും മോർ സ്തേപ്പാനോസ് ശെമ്മാശ്ശന്റെയും പ്രാർത്ഥനകളാലും നമ്മുടെ കർത്താവിനെ സ്നേഹിച്ചു തന്റെ കല്പനകളെ ആചരിച്ചിട്ടുള്ള വിശുദ്ധന്മാരുടെ സംഘം മുഴുവന്റെയും പ്രാർത്ഥനകളാലും ഞങ്ങളോടുകൂടെ (ഇൗ പ്രാർത്ഥനയെ) യോഗ്യമാം വിധം നിവൃത്തിച്ചിട്ടുള്ള നമ്മുടെ മാതാപിതാക്കന്മാരും സഹോദരീസഹോദര ങ്ങളും ഗുരുക്കന്മാരായുള്ളോരേ! ഇന്നു ഞങ്ങൾക്കും നിങ്ങൾക്കും അദ്ധ്യക്ഷനായിരിക്കുന്ന മോറാൻ മോർ ഇഗ്നാത്തിയോസിന്റെയും മോർ ബസേലിയോസിന്റെയും മോർ ഗ്രീഗോറിയോസിന്റെയും നമ്മുടെ മേൽപട്ടക്കാരൻ  മോർ....... പ്രാർത്ഥനകളാലും  നാം  എന്നേക്കും കാത്തുകൊള്ളപ്പെടുകയും ചെയ്യുമാറാകട്ടെ.  ബാറെക്മോർ.

 

ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിന് നിങ്ങൾ എല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാകുന്നു. ഈ ആത്മീയ ശുശ്രൂഷയിൽ ഞങ്ങളോടുകൂടെ സംബന്ധിച്ച എല്ലാവരേയും ദൈവം വാഴ്ത്തി പുണ്യപ്പെടുത്തുമാറാകട്ടെ. ദൈവമായ കർത്താവു നമ്മെയും വിശ്വാസികളായ നമ്മുടെ മരിച്ചുപോയവരെയും പുണ്യ പ്പെടുത്തുമാറാകട്ടെ. * പിതാവും പുത്രനും പരിശുദ്ധ റൂഹായുമായുള്ളോവേ! ബലഹീനങ്ങളും കുറവുള്ളവയുമായ ഞങ്ങളുടെ പ്രാർത്ഥനകൾ ഉന്നതവും ഭയങ്കരവുമായ നിന്റെ സിംഹാസനത്തിന്റെ മുമ്പാകെ കേൾക്കപ്പെട്ടവയും അംഗീകരിക്കപ്പെട്ടവയുമാക്കിത്തീർക്കണമേ. ആബോ വബ്റോവ്റൂഹോ കാദീശോ, ഹോശോ. ആമീൻ.

 

ആമ്മീൻ- കുറിയേ....കുറിയേ.......കുറിയേ.........ഞങ്ങളുടെ കർത്താവേ ഞങ്ങളോട് കരുണചെയ്യണ മേ.  ഞങ്ങളുടെ  കർത്താവേ കൃപയുണ്ടായി  ഞങ്ങളോടു  കരുണ ചെയ്യണമേ.  ഞങ്ങളുടെ  കർത്താവേ ഉത്തരമരുളിച്ചെയ്തു ഞങ്ങളോടു കരുണചെയ്യണമേ. ഞങ്ങളുടെ കർത്താവേ നിനക്കു സ്തുതി. ഞങ്ങളുടെ കർത്താവേ നിനക്കു സ്തുതി. എന്നേക്കും ഞങ്ങളുടെ ശരണവുമേ നിനക്കു സ്തുതി.

ബാറെക്മോർ.

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ......

കൃപനിറഞ്ഞ മറിയമേ...