Moonu Noombu All Prayer

St. Mary’s Syriac Church of Canada Mississauga

 

മുന്നു നോമ്പിലെ നമസ്ക്കാരം

മൂന്നാം മണി നമസ്ക്കാരം

 

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ദൈവത്തിന്‍റെ തിരുനാമത്തില്‍, തനിക്ക് സ്തുതി. നമ്മുടെ മേല്‍ തന്‍റെ കരുണയും മനോഗുണവും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.

ആകാശവും ഭൂമിയും തന്‍റെ സ്തുതികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളില്‍ സ്തുതി.

ദൈവമേ! നീ പരിശുദ്ധനാകുന്നു. ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ടവനേ! + ഞങ്ങളുടെ മേല്‍ കരുണയുാകണമെ.  (3 പ്രാവശ്യം)

ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളോടു കരുണ ചെയ്യണമെ. ഞങ്ങളുടെ കര്‍ത്താവേ! കൃപയുായി ഞങ്ങളോടു കരുണ ചെയ്യണമെ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ ശുശ്രൂഷയും പ്രാര്‍ത്ഥനകളും കൈക്കൊണ്ട് ഞങ്ങളോട്  കരുണ ചെയ്യണമെ.

ദൈവമേ! നിനക്ക് സ്തുതി. സൃഷ്ടാവേ! നിനക്ക് സ്തുതി. പാപികളായ അടിയാരോട് കൃപ ചെയ്യുന്ന മ്ശിഹാ രാജാവേ! നിനക്ക് സ്തുതി. ബാറെക്മോര്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്‍റെ നാമം പരിശുദ്ധമാക്കപ്പെടേണമെ. നിന്‍റെ രാജ്യം വരേണമേ. നിന്‍റെ തിരുവിഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരേണമെ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമെ. പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊന്നൊല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീന്‍.

കൃപ നിറഞ്ഞ മറിയമെ! നിനക്കു സമാധാനം. ഞങ്ങളുടെ കര്‍ത്താവ് നിന്നോടു കൂടെ. സ്ത്രീകളില്‍ നീ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്‍റെ ഉദരഫലമായ ഞങ്ങളുടെ കര്‍ത്താവേശുമ്ശിഹ വാഴ്ത്തപ്പെട്ടവനാകുന്നു. ദൈവമാതാവായ വിശുദ്ധ കന്യക മര്‍ത്തമറിയമേ! ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും പാപികളായ ഞങ്ങള്‍ക്കുവേി അപേക്ഷിച്ചുകൊള്ളേണമെ. ആമ്മീന്‍.

 

1. കര്‍ത്താവേ സങ്കടപൂര്‍വ്ൃമായ അപേക്ഷയെ നിനക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു. നിന്റെ ശ്രീഭണ്ഡാരത്തില്‍ നിന്ന്‌ ദയയും കരുണയും പാപമോചനവും ഞങ്ങള്‍ യാചിക്കുന്നു. നിനുവയക്കാരെപ്പോലെ ഞങ്ങളുടെ അപേക്ഷയെ നീ കൈക്കൊള്ളണമേ. നിന്നെ വിളിക്കുന്ന നിന്റെ ദാസന്‍മാരില്‍ നിന്ന്‌ നിന്റെ കോപത്തെ നീ നീക്കിക്കളയണമേ. ഉത്തമനും കരുണാപൂര്‍ണ്ണനുമായുള്ളോവേ നിന്റെ ആര്‍ദ്രക്യപയാല്‍ ഞങ്ങളോട്‌ ദയവുണ്ടാകണമേ.            ബാറെക്മോര്‍

 

2. നാമെല്ലാവരും അപേക്ഷയെ സമര്‍പ്പിച്ചു കൊണ്ട്‌ കാരുണ്യവാനായ കര്‍ത്താവിനോട്‌ യാചിക്കണം. ദൈവത്തിന്റെ വാതില്‍ അതില്‍ മുട്ടുന്നവന്‌ തുറക്കപ്പെട്ടിരിക്കയാല്‍ യാചനയില്‍ നിന്നു നാം മടിയായിരിക്കരുത്‌. നിനുവയക്കാര്‍ നിലവിളിച്ചപ്പോള്‍ അവരുടെ യാചനയെ കൈക്കൊണ്ടപ്രകാരം മിശിഹാതമ്പുരാനേ നിന്റെ ആര്‍ദ്രക്ൃയപയാല്‍ ഞങ്ങളോട്‌ ദയവുണ്ടാകണമേ.    മൊറിയോ റാഹേം...

 

ബോവൂസാ

 

1. ഞങ്ങളുടെ നാഥനായ കര്‍ത്താവേ, നിന്നെ ഞങ്ങള്‍ നോക്കിവിളിക്കുന്നു.

ഞങ്ങളുടെ സഹായത്തിനു നീ എഴുന്നെള്ളി ഞങ്ങളുടെ അപേക്ഷയെ കേട്ട്‌

ഞങ്ങളുടെ ആത്മാക്കള്‍ മേല്‍ കരുണ ചെയ്യണമേ.

 

2. മാതാപിതാക്കളും മക്കളും കന്യകമാരും അവര്‍ക്ക്‌ വിവാഹം നിശ്ചയിക്കപ്പെട്ടവരും വിശന്നിരുന്നു. മണവാളന്‍മാരുടെയും മണവാട്ടിമാരുടെയും കിരീടങ്ങള്‍ നീക്കിക്കളഞ്ഞു. ഭാര്യാഭര്‍ത്താക്കന്‍മാരുടെ നിലവിളി ഉയരത്തിലേക്ക്‌ കരേറി. യുവതികള്‍ തങ്ങളുടെ തലകളില്‍ ചാരം വിതറി. ബാല്യക്കാര്‍ തങ്ങളുടെ മുഖങ്ങളില്‍ കണ്ണുനീരും പൂഴിയും പൂശി.

 

3. വഴിതെറ്റില്‍ നിന്ന്‌ അവരെ തിരിപ്പിച്ച പിതാവിനു സ്തുതി. അനുതാപത്താല്‍

അവരെ കൈക്കൊണ്ട പുത്രനു വന്ദനം. എല്ലാ അനുതാപികളുടെയും രക്ഷയില്‍ പ്രീതിപ്പെടുന്ന റൂഹായ്ക്കു സ്തോത്രം. ത്രിത്വരഹസ്യമായിരിക്കുന്ന താന്‍ വാഴ്ത്തപ്പെട്ടവനാകുന്നു. തനിക്ക്‌ എല്ലാ വാകളില്‍ നിന്നും നാവുകളില്‍ നിന്നും സര്‍വ്ൃവപുകഴ്ചകളും ഉന്നതിയും വന്ദനവും എന്നേക്കും ഉണ്ടായിരിക്കട്ടെ .

 

4. സകലവും കേള്‍ക്കുന്നവനും പ്രാര്‍ത്ഥനകള്‍ കൈക്കൊള്ളുന്നവനും ആയുള്ളോവേ! ഞങ്ങളുടെ അപേക്ഷ കേട്ട്‌ ഞങ്ങളുടെ ആത്മാക്കളോട്‌ കരുണ ചെയ്യണമേ.

 

കൗമാ

ആറാം മണിയുടെ നമസ്ക്കാരം

കൗമാ

 

 

 

1. നിനുവയക്കാര്‍ കണ്ണനീരോടും സങ്കടത്തോടും നടത്തിയ അനുതാപം മൂലം കര്‍ത്താവ്‌ അവരുടെ മേല്‍ കരുണ ചെയ്ത്‌, തന്‍റെ സ്കിീപ്പൂസായുടെ രക്തത്താല്‍ രക്ഷിച്ചിട്ടുള്ള തന്റെ ഇടവകമേലും ആട്ടിന്‍ കൂട്ടത്തിന്മേലും കരുണചെയ്യുമാറാകട്ടെ.             ബാറെക്മോര്‍

 

2.. നിനുവയക്കാരില്‍ നിന്നു ഭയങ്കര ന്യായത്തീര്‍പ്പിനെ മായിച്ചു കളകയും താന്‍ ഉത്തമനാകുന്നുവെന്നു അറിയിക്കയും ചെയ്തവനായ കര്‍ത്താവേ, നീ നിന്റെ ആര്‍ദ്രദയയാല്‍ നിന്റെ ദാസരോട്‌ ദയ ചെയ്യുകയും ക്രോധത്തിൽ നിന്നും ദോഷത്തില്‍ നിന്നും ഞങ്ങളെ വീണ്ടു കൊള്ളുകയും ചെയ്യണമേ.

മൊറിയോ റാഹേം...

 

ബോവൂസാ

 

1.ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളോട്‌ കരുണ ചെയ്ത്‌ ഞങ്ങളുടെ ശുശ്രൂഷ

കൈക്കൊള്ളണമേ.

 

2.കര്‍ത്താവേ നീതിയിന്‍ പ്രകാരമുള്ള ന്യായത്തിര്‍പ്പിനെ നിനുവയക്കാരില്‍ നിന്ന്‌ നീ മായിച്ച പ്രകാരം നിന്റെ സഭയില്‍ നിന്ന്ഭിന്നതകളെയും തര്‍ക്കങ്ങളെയും നീക്കിക്കളുയണമേ!

 

3.പിതാവും, പുത്രനും, പരിശുദ്ധ റൂഹായുമായ സത്യേക ദൈവമേ! നിന്റെ ഇടവകയിന്‍ മേല്‍ നീ കരുണ ചെയ്യുകയും നിന്റെ കരുണയാല്‍ ഞങ്ങളുടെ യാചനകള്‍ നല്‍കുകയും ചെയ്യുമാറാകണമേ!

 

4. പ്രാര്‍ത്ഥനകള്‍ കൈക്കൊള്ളുന്നവനും യാചനകള്‍ക്ക്‌ ഉത്തരമരുളുന്നവനുമായുള്ളോവേ! ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേട്ട്‌ ഞങ്ങളോട്‌ നിരപ്പായി നിന്റെ കരുണയാല്‍ ഞങ്ങളുടെ യാചനകള്‍  നല്‍കുമാറാകണമേ.

 

കൗമാ

ഒമ്പതാം മണിയുടെ നമസ്ക്കാരം

കൗമാ

 

 

1. നിനുവയക്കാര്‍ മഹാദുഖത്തോടെ ഉപവാസം നിശ്ചയിക്കുകയും ചാക്കു ധരിക്കുകയും സങ്കടം പൂണ്ട്‌ അപേക്ഷിക്കുകയും കര്‍ത്താവ്‌ അവരോട്‌ നിരപ്പാകയും ചെയ്തു. തന്റെ വാതില്‍ അനുതാപികള്‍ക്കായി തുറന്ന്‌ അവരില്‍ പ്രീതിപ്പെടുന്ന കാരുണ്യവാനായ കര്‍ത്താവിനോട്‌ നാം അപേക്ഷിച്ച്‌ യാചിക്കണം.       ബാറെക്മോര്‍

 

2. കര്‍ത്താവേ, നിനുവയക്കാരെ പോലെ നിന്റെ ഇടവകയും നിന്നെ നോക്കി വിളിക്കുന്നു. കരുണയും ദയവുമുള്ള നാഥാ, അതിന്റെ അപേക്ഷയെ നീ കൈക്കൊള്ളണമേ. നീതിപൂര്‍വ്വമായ ന്യായത്തീര്‍പ്പിനെ നീ മായിക്കണമേ. അതിന്റെ വീഴ്ചയെ ആഗ്രഹിക്കുന്ന സാത്താന്‍  സന്തോഷിക്കുമാറാകരുതേ.

മൊറിയോ റാഹേം...

 

ബോവൂസാ

 

1. പാപികളോട്‌ കരുണ ചെയ്യുന്നവനായ കര്‍ത്താവേ! നീ ന്യായം വിസ്തരിക്കുന്ന ദിവസത്തില്‍ ഞങ്ങളോട്‌ കരുണ ചെയ്യണമേ,

 

2. ശിശുക്കള്‍ക്കും പൈതങ്ങള്‍ക്കും പാലു നല്‍കാതിരുന്നു. മൃഗങ്ങളും ദുഖത്തോടെ നോമ്പാചരിച്ചു. രാജാവും പ്രജകളും പ്രധാനികളും വസ്ത്രങ്ങള്‍ക്ക്‌ പകരം ചാരം അണിഞ്ഞു.

3. കാരുണ്യവാനായ പിതാവിനും, ദയവാനായ പുത്രനും, വിമോചകനായ റൂഹായ്ക്കും സ്തുതി. ത്രിത്വരഹസ്യവും ഏക സ്വഭാവവുമായ തനിക്കു രണ്ടു, ലോകങ്ങളിലും സ്തുതി.

 

4. മേലുള്ളവരുടെ ഉടയവനും താഴെയുള്ളവരുടെ ശരണവുമായ കര്‍ത്താവേ

ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ട്‌ ഞങ്ങളോട്‌ കരുണ ചെയ്യണമേ.

 

(നിന്നെ പ്രസവിച്ച മാതാവിന്റെയും... ഇത്യാദി കാമാ, വിശ്വാസപ്രമാണം, 40

കുമ്പിടീല്‍ എന്നിവ നടത്തി പതിവിന്‍ പ്രകാരം അവസാനിപ്പിക്കുന്നു)

 

 

മുന്നു നോമ്പിലെ നമസ്ക്കാരം

 

പ്രഭാതനമസ്്‌ക്കാരം

കൗമാ

 

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

 

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

എനിയോനോ

 

1. നോമ്പാലും പ്രാര്‍ത്ഥനയാലും അനുതാപത്തിന്റെ കണ്ണുനീരാലും നിനുവയക്കാരെ കരുണയോടെ വീണ്ടെടുത്തവനായ ദൈവമേ, നിന്റെ അടുക്കല്‍ ഞാന്‍ മുമ്പിടുന്നതു കൊണ്ട്‌ എന്നോട്‌ കരുണ ചെയ്യണമേ.

 

2. സങ്കടത്തോടെ അപേക്ഷിച്ച നിനുവയക്കാരില്‍ നിന്ന്‌ അവരുടെ മേല്‍ നിശ്ചയിക്കപ്പെട്ടിരുന്ന ന്യായത്തീര്‍പ്പിനെ നീക്കിക്കളഞ്ഞവനായ ദൈവമേ, നിന്റെ അടുക്കല്‍ ഞാന്‍ മുമ്പിടുന്നതു കൊണ്ട്‌ എന്നോട്‌ കരുണ ചെയ്യണമേ.

 

3. കടങ്ങളും, പാപങ്ങളും ഉണ്ടായിരിക്കുകയും തിന്മകളുടെ ഓളങ്ങളാല്‍ അവശത അനുഭവിക്കുകയും ചെയ്യുന്നവന്‍ നിനുവയക്കാരെ പോലെ അനുതാപത്തോടെ അപേക്ഷിച്ചു യാചിക്കണം.

 

4. സകലജനവുമേ വരുവിന്‍, കടങ്ങളെ ക്ഷമിക്കുന്നവനായ കര്‍ത്താവ്‌ നിനുവയക്കാരെപ്പോലെ നമ്മോട്‌ ക്ഷമിപ്പാനായിട്ട്‌ അവനായി നമുക്ക്‌ സ്തുതി പാടാം.                          ബാറെക്‌ മോര്‍

 

5. പാപി തിരിഞ്ഞ്‌ അവന്റെ ദുര്‍മ്മാര്‍ഗ്ഗത്തില്‍ നിന്ന്‌ രക്ഷപ്പെടുവാനല്ലാതെ അവന്റെ മരണത്തില്‍ ഇഷ്ടമില്ലാത്തവനായ ദൈവമേ നിന്റെ അടുക്കല്‍ ഞാന്‍ മുമ്പിടുന്നതു കൊണ്ട്‌ എന്റെ മേല്‍ കരുണ ചെയ്യണമേ.

 

1. സകലത്തിന്റെയും കര്‍ത്താവും സ്വഭാവത്തില്‍ കാരുണ്യവാനും വളരെ കൃപയും സത്യവുമുള്ളവനുമായ ദൈവമേ സത്യവിശ്വാസത്താല്‍ സതോത്രത്തോടെ നിങ്കലേക്ക്‌ തിരിഞ്ഞ്‌ നിന്റെ ദൈവത്വത്തിന്‌ കൃതജ്ഞതയര്‍പ്പിക്കുന്ന നിന്റെ ആട്ടിന്‍ കൂട്ടത്തോട്‌ കരുണയും ദയവും ചെയ്യണമേ.

 

2.നിനുവാനഗരം നടത്തിയ അനുതാപം ലോകത്തില്‍ ഒരു, ദൃഷ്ടാന്തമായിത്തീര്‍ന്നു. ദൈവം അതില്‍ നിരപ്പാകയും അതില്‍ നിന്ന്‌ ന്യായവിധിയെ നീക്കുകയും ചെയ്തു. വീണ്‌ പോകാതെ കരുണയോടെ അതിനെ താങ്ങി അതില്‍ നിന്ന്‌ ശിക്ഷ ഒഴിഞ്ഞതിനാല്‍ അതിന്റെ മക്കള്‍ക്ക്‌ സമാധാനം ഉണ്ടായി. മുട്ടുന്നവന്‌ വാതില്‍ തുറന്നു കൊടുക്കുന്ന നല്ലവനായ തനിക്ക്‌ സ്തുതി.

 

3.മനുഷ്യസ്നേഹമുള്ളവനേ! വ്യര്‍ത്ഥതയാല്‍ തെറ്റിലകപ്പെട്ട്‌ സത്യവഴിയെ വിട്ട്‌

പരാക്രമനഗരമായ നിനുവ പാപത്തിന്‌ ഓഹരിയാകുവാന്‍ നീ കൈവിട്ടില്ല.

 

 

എന്നാലോ നിന്റെ മനുഷ്യപ്രീതിയാല്‍ നാശത്തില്‍ നിന്ന്‌ അതിനെ വീണ്ടെടുത്തു. നിന്റെ ദയവില്‍ അത്‌ സങ്കേതം പ്രാപിക്കുകയും നിന്റെ കൃപയാല്‍ അത്‌ രക്ഷ നേടുകയും ചെയ്തു.

 

4. മത്സ്യത്തിന്റെ ഉള്ളില്‍ വച്ച്‌ യാനാന്റെ അപേക്ഷയെ നീ കൈക്കൊള്ളുകയും, ക്രോധശിക്ഷയില്‍ നിന്ന്‌ നിനുവയെ നീ രക്ഷിക്കയും ചെയ്തതു പോലെ, നിന്റെ തിരുരക്തത്താല്‍ വിലയ്ക്കു കൊള്ളപ്പെട്ട നിന്റെ ദാസന്‍മാരുടെ പ്രാര്‍ത്ഥനയെ കൈക്കൊള്ളുകയും, നിനക്ക്‌ അവര്‍ സമര്‍പ്പിക്കുന്ന നോമ്പിലും പ്രാര്‍ത്ഥനയിലും പ്രീതിപ്പെട്ട്‌ അവരുടെ കടങ്ങളെ ക്ഷമിച്ച്‌ പുണ്യപ്പെടുത്തുകയും ചെയ്യണമേ.                   ബാറെക്മോര്‍

 

5.  ദീര്‍ഘദര്‍ശി പ്രസംഗിച്ചതായ വചനത്തെ നിനുവയക്കാര്‍ സംശയിച്ചില്ല. രാജാവും പ്രാധാനികളും പാരന്‍മാരും അതിനെ കേട്ടിട്ട്‌ അനുതാപത്തില്‍ സങ്കേതം പ്രാപിച്ചു. അവര്‍ സങ്കടത്തോടെ കണ്ണുനീരൊഴുക്കി. കാരുണ്യവാനായ കര്‍ത്താവില്‍ നിന്ന്‌ കരുണയും മോചനവും പ്രാപിച്ചു.

 

1.കര്‍ത്താവ്‌ യാനാനെ വിളിച്ചു നിനുവയക്കാരുടെ അടുക്കലേക്ക്‌ അയച്ചു. ദൈവകോപം വാതില്‍ക്കല്‍ എത്തിയിരിക്കുന്നു എന്ന്‌ അവരുടെ തെരുവുകളില്‍ അവന്‍ പഠിപ്പിച്ചു.

 

2. യാനാന്‍ അവന്റെ ദൈവവും നാഥനുമായവന്റെ വചനം വിശ്വസിച്ചില്ല. സര്‍വശക്തന്റെ സന്നിധിയില്‍ നിന്ന്‌ ക്ഷോഭിച്ചിരിക്കുന്ന സമുദ്രത്തിലേക്ക്‌ അവന്‍ പോയി.

 

3. യാനാന്‍ കപ്പലില്‍ കയറി അടിത്തട്ടില്‍ കിടന്നുറങ്ങി. കര്‍ത്താവ്‌ ഓളങ്ങള്‍ ഇളക്കി. സമുദ്രമെല്ലാം ക്ഷോഭിക്കുകയും ചെയ്തു.

 

4. കപ്പല്‍ക്കാര്‍ ചീട്ടിയിട്ടു. ചീട്ടി യയനാന്‍ മേല്‍ വീണു. കരയും കടലും നിര്‍മ്മിച്ചവനെ അവന്‍ ഭയപ്പെടുകയും ചെയ്തു.

 

കര്‍ത്താവേ പ്രഭാതത്തില്‍ നിന്റെ സ്തുതി ഞാന്‍ പാടുവാനായിട്ട്‌ മാലാഖമാരുടെ വായിലെ സ്തോത്രശബ്ദത്തിനായി എന്നെ ഉണര്‍ത്തണമെ. എന്റെ കര്‍ത്താവും ദൈവവുമേ എന്നോട്‌ കരുണയുണ്ടാകണമേ എന്ന്‌ സ്തോത്രം ചെയ്തു കൊണ്ട്‌ മഹത്വം പാടുവാനായി എന്റെ അധരങ്ങള്‍ ഞാന്‍ തുറന്നിരിക്കുന്നു. 

സ്ത്മെന്‍ കാലോസ്‌. കുറിയേലായിസ്സോന്‍.

 

1. സമുദ്രത്തിനുള്ളില്‍ അടിസ്ഥാനമില്ലാതെ പണിതിരിക്കുന്ന ഭവനത്തില്‍ നീതിമാനായ യാനാന്‍ വന്ദിച്ചുകൊണ്ട്‌ തേനിനെക്കാള്‍ മധുരമേറിയ ഗാനങ്ങള്‍ പാടിക്കൊണ്ട്‌ ദൈവമേ! എന്നോട്‌ കരുണ ചെയ്യണമേ, എന്‍റെ അകൃത്യം ക്ഷമിക്കണമേ എന്നപേക്ഷിച്ചു.   ബാറെക്‌ മോര്‍

 

2. കര്‍ത്താവ്‌ യാനാന്‍ നിബിയായെ വിളിച്ച്‌ നിനുവയക്കാരുടെ അടുക്കലേക്ക്‌

അയച്ച്‌ അവരുടെ മേല്‍ വരുവാനിരിക്കുന്ന ക്രോധത്തെക്കുറിച്ച്‌ അവന്‍ പ്രസംഗിച്ചു. അവന്റെ വചനം കേട്ട നിനുവായര്‍ അനുതാപത്തില്‍ സങ്കേതപ്പെട്ടു. കര്‍ത്താവ്‌ തന്നെ വിളിച്ചപേക്ഷിച്ച ജനത്തോട്‌ കരുണ ചെയ്കയും ചെയ്തു.

 

 

3. നിങ്ങിപ്പോകുന്ന ലോകത്തെക്കാളും, അസ്ഥിരമായ സമ്പാദ്യത്തെക്കാളും, അധികമായി ദൈവത്തെ സ്‌നേഹിതനായി സമ്പാദിക്കുന്നവന്‌ ഭാഗ്യം. താന്‍ അവന്റെജീവിതത്തില്‍ അവനോടു കൂടി ഇരിക്കയും അവന്റെമരണത്തില്‍ അവനെ ഉപേക്ഷിക്കാതിരിക്കയും ന്യായവിധി ദിവസത്തില്‍ അവനോട്‌ കരുണ ചെയ്കയും ചെയ്യുന്നു.   മൊറിയോ റാഹേം...

 

വീണ്ടും കോലോകള്‍

 

1. യാനമാൻ  ദീര്‍ഘദര്‍ശി തണലില്‍ ഇരുന്നു കൊണ്ട്‌ നിനുവാനഗരത്തെ സുക്ഷിച്ച്‌ നോക്കി. നിനുവയുടെ മേല്‍ കരുണയുണ്ടാകുവാന്‍ അത്‌ ദൈവത്തിലേക്കും സൂക്ഷിച്ചു നോക്കി. കാലാവധി തികഞ്ഞപ്പോള്‍ എല്ലാവരും അവനവന്റെ അടുത്തവന്‍ സമാധാനം കൊടുത്തു. പുരുഷന്‍മാര്‍ കരകയും, സ്ത്രീകള്‍ വിലപിക്കയും, പൈതങ്ങള്‍ നിലവിളിക്കയും ചെയ്തു. അവരുടെ നിലവിളി സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറുകയും കര്‍ത്താവ്‌ നിരപ്പാകുകയും ചെയ്തു.     ബാറെക്മോര്‍

 

2. യനാന്‍ ദീര്‍ഘദര്‍ശി തണലില്‍ ഇരുന്നു കൊണ്ട്‌ സ്വയമായി മരണം ആഗ്രഹിച്ചു. നിനുവയക്കാര്‍ നാല്‍പതു ദിവസം നോവു നിശ്ചയിച്ചു. നിനുവായുടെ നാശത്തെ യാനാന്‍ നോക്കിക്കൊണ്ടിരുന്നു. കണ്ണുനീര്‍ ഉയരുകയും കരുണ ഇറങ്ങി വരികയും ചെയ്തു. ദൈവം അവരോട്‌ ഉത്തരമരുളി അവരുടെമേല്‍ കരുണ ചെയ്തു.

 

3. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നിന്നെ വിളിക്കുന്നവരായ ഞങ്ങളോട്‌ നീ ഉത്തരമരുളണമേ. എന്തെന്നാല്‍ ഞങ്ങളെ സഹായിപ്പാൻ കഴിയുന്ന പിതാവ്‌ ഞങ്ങള്‍ക്ക്‌ വേറെയില്ല. തിരുവുള്ളത്താല്‍ ഇല്ലായ്മയില്‍ നിന്ന്‌ ഞങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. നിന്റെകോപം ഞങ്ങളെ നശിപ്പിക്കരുതേ. നിന്‍റെ കല്‍പനകള്‍ ഞങ്ങളെ പഠിപ്പിക്കയും ഞങ്ങള്‍ അവയെ ആചരിക്കയും ചെയ്യുമാറാകണമേ. പുണ്യപ്രവ്ൃത്തികളാല്‍ നിന്നെ ഞങ്ങള്‍ പ്രസാദിപ്പിക്കുമാറാകണമേ. നിന്റെ ദയവാല്‍ ഞങ്ങളോട്‌ കരുണ ചെയ്യണമേ.     മൊറിയോ റാഹേം...

 

ബോവൂസാ

 

1. കര്‍ത്താവേ, കരുണ നിറഞ്ഞിരിക്കുന്ന നിന്റെ വലിയ വാതില്‍ ഞങ്ങള്‍ക്കു

തുറന്ന്‌ ഞങ്ങളുടെ അപേക്ഷയുടെ ശബ്ദം കേട്ട്‌ ഞങ്ങളുടെ ആത്മാക്കളോട്‌ കരുണ ചെയ്യണമേ.

 

2. യനാന്‍ പറഞ്ഞതെന്തെന്നാല്‍ 'നിനുവയേ, നിനക്ക്‌ കഷ്ടം, അത്യുന്നതന്റെ കോപം നിന്റെ മേല്‍ വന്നിരിക്കുന്നു. അവന്‍ നിന്റെ കോട്ടകളെ ഇടിച്ച്‌ കളകയും നിന്റെ കൊത്തളങ്ങളെ നശിപ്പിക്കുകയും ചെയ്യും. നിന്റെ പാപങ്ങള്‍ നിന്റെ ഉള്ളില്‍ നിന്ന്‌ പുക പോലെ ഉയര്‍ന്നിരിക്കയാല്‍ നിനക്ക്‌ കഷ്ടം. ഇതാ നിന്റെ അധര്‍മ്മങ്ങള്‍ മൂലം ദൈവകോപം പെരുകിയിരിക്കുന്നു. കീര്‍ത്തിയും പ്രതാപവുമുള്ള നിനുവയേ നിനക്ക്‌ കഷ്ടം. നിന്റെ അന്ത്യം അടുത്തിരിക്കുന്നു. നിന്റെ നിവാസികള്‍ക്ക്‌ വീഴ്ച ഭവിക്കുകയും ചെയ്യും.

 

 

 

3. നിനുവയക്കാരുടെ മേല്‍ കരുണ ചെയ്തവനായ ഉത്തമ നാഥനേ! നിന്നോടപേക്ഷിക്കുന്ന ഇടവകയുടെ മേല്‍ കരുണ വര്‍ഷിക്കണമേ. അതില്‍ നിന്ന്‌ ശിക്ഷകളും ക്രോധത്തിന്റെ വടികളും നീക്കിക്കളയണമേ. അതിന്റെ മക്കളുടെ മേല്‍ നിന്റെ സമാധാനവും ശാന്തിയും വര്‍ര്‍ഭ്ധിപ്പിക്കണമേ. അതിന്റെ ശത്രുക്കളുടെ തര്‍ക്കങ്ങളില്‍ നിന്ന്‌ അതിനെ കാത്തുകൊള്ളണമേ. അത്‌ നിന്റെ ദൈവത്വത്തിന്‌ എല്ലായ്പോഴും സ്തുതി കരേറ്റുമാറാകണമേ.

 

4. സകലവും കേള്‍ക്കുന്നവനും പ്രാര്‍ത്ഥനകള്‍ കൈക്കൊളുന്നവനുമായുള്ളോവേ, ഞങ്ങളുടെ അപേക്ഷ കേട്ട്‌ ഞങ്ങളുടെ ആത്മാക്കളോട്‌ കരുണ ചെയ്യണമേ.

 

കര്‍ത്താവിനെ കൊണ്ടാടുവാനും... എന്ന സാധാരണ പ്രഭാത സ്തുതിപ്പും കൌഈമായും വിശ്വാസപ്രമാണവും ചൊല്ലി അവസാനിപ്പിക്കുന്നു.

 

 

മുന്നു നോമ്പിലെ നമസ്ക്കാരം

രാത്രിനമസ്ക്കാരം

 

ഉറക്കമില്ലാത്ത ഉണര്‍വ്വുള്ളവനെ... ഇത്യാദി

എനിയോനോ

 

1. നാല്‍പതു ദിവസങ്ങള്‍ക്കകം നിനുവ നശിക്കുമെന്നുള്ള ദീര്‍ഘദര്‍ശിയുടെ

വചനത്തെ നിനുവക്കാര്‍ കേട്ടു.

 

2. നിനുവനശിക്കുമെന്നുള്ള അവന്റെ ശബ്ദം മഹാകോട്ടയുടെ നേരെ പുറപ്പെട്ടു.

 

3. അവര്‍ അനുതാപം നിശ്ചയിച്ചു കൊണ്ട്‌ യാചന നടത്തി. അവര്‍ക്കു കരുണ

ലഭിക്കുകയും അവര്‍ സ്തുതി പാടുകയും ചെയ്തു.

 

4. ശിശുക്കള്‍ക്കും പൈതങ്ങള്‍ക്കും പാല്‍ തടയപ്പെട്ടു. മണവാളന്‍മാരും മണവാട്ടികളും അവരുടെ അലങ്കാരങ്ങള്‍ വലിച്ചെറിഞ്ഞു.

 

5. പരിമളത്തിനു പകരം ചാരവും വസ്ത്രത്തിനു പകരം ചാക്കും രാജാവും

പ്രജകളും പ്രധാനികളും ധരിച്ചു.   ബാറെക്‌ മോര്‍

 

6. കാരുണ്യവാനായ പിതാവിനും ദയവാനായ പുത്രനും വിമോചകനായ റൂഹായ്ക്കും സ്തുതി.       കുറിയേ... കുറിയേ... കുറിയേ...

 

നിനുവയക്കാരോട്‌ കനിഞ്ഞ്‌ അവരുടെ നഗരത്തെ സഹായിച്ച്‌ കോപത്തില്‍

നിന്നും രക്ഷിച്ചതായ കൃപയ്ക്ക്‌ സ്തുതി.

 

കുറിയേ... കുറിയേ... കുറിയേ...

 

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണ ചെയ്യണമേ... ഇത്യാദി

 

 

1.നിനുവായക്കാര്‍ നടത്തിയ യാചന സങ്കടമേറിയതും അതിവേദനയോടു കൂടിയതുമായിരുന്നു. രാജാവും പ്രജകളും സര്‍വ്വജനവും രട്ടുടുത്തു കൊണ്ട്‌ മണ്ണില്‍ കിടന്നു. കര്‍ത്താവേ നിന്റെ കോപത്തില്‍ ഞങ്ങളെ ശാസിക്കയോ നിന്റെ ക്രോധത്തിൽ ഞങ്ങളെ ശിക്ഷിക്കയോചെയ്യരുതേ എന്ന്‌ അവര്‍ നിലവിളിച്ചു പറഞ്ഞു.                                 ബാറെക്മോര്‍

 

2.  യാനാന്‍ നിനുവയെക്കുറിച്ച്‌ പ്രസംഗിച്ച നാശത്തെ കുറിച്ച്‌ പട്ടണങ്ങളും കോട്ടകളും കേട്ട്‌ നശിച്ചു പോകുന്ന ജനത്തെക്കുറിച്ചും ഉന്മൂലനാശം വരുന്ന വിസ്മയനീയ ആലയങ്ങളെകുറിച്ചും കരഞ്ഞു. അവര്‍ സങ്കടത്തോടെ നിലവിളിച്ചു. കര്‍ത്താവേ നീ എഴുന്നേറ്റ്‌ നിന്റെ ആട്ടിന്‍ കൂട്ടത്തെ രക്ഷിക്കയും നിന്റെ അവകാശത്തോടു കരുണ ചെയ്കയും ചെയ്യണമേ.

 

ബോവൂസാ

 

1. ഞങ്ങളുടെ കര്‍ത്താവേ, നിന്നെ ഞങ്ങള്‍ വിളിക്കുന്നു. ഞങ്ങളുടെ സഹായത്തിനായി വന്ന്‌ ഞങ്ങളുടെ അപേക്ഷയെ കേട്ട്‌ ഞങ്ങളുടെ ആത്മാക്കള്‍ മേല്‍ കരുണ ചെയ്യണമേ.

 

2. പാതിരാത്രിയില്‍ ദാവീദ്‌ ദൈവത്തിന്റെ അത്ഭുതങ്ങളെക്കുറിച്ച്‌ എഴുന്നേറ്റ്‌ സ്തൃതിപടുവാനായി ഉണര്‍ന്നു. വിവേകിയായുള്ളോവേ നീയും രാത്രിയില്‍ ഉണര്‍ന്ന്‌ ദാവീദിന്റെ സങ്കീര്‍ത്തനങ്ങളാല്‍ ആത്മീയ പ്രകാരം ഹാലേല്ലയ്യാ പാടുക.

 

3. കര്‍ത്താവേ നിന്നെ സ്നേഹിക്കുന്നവര്‍ക്ക്‌ നീ പ്രകാശമാകയാല്‍ നിന്നാല്‍ ഞാന്‍ പ്രകാശിക്കുമാറാകണമേ. പ്രകാശമായുള്ളോവേ നിന്റെ കരുണയെ കാണുവാന്‍ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ. ലോകമാകുന്ന യാത്ര ക്ഷണികവും വിരുദ്ധതകള്‍ നിറഞ്ഞിരിക്കുന്നതുമാകുന്നു. നീ പ്രകാശമാകയാല്‍ നിന്നില്‍ നടക്കുന്നവന്‍ ഇടറിപ്പോകുന്നുമില്ല.

 

4. ദൈവമേ, എന്നോട്‌ ഉത്തരമരുളണമേ. ദൈവമേ, എന്നോട്‌ ഉത്തരമരുളികരുണ ചെയ്യണമേ. മനുഷ്യമക്കളുടെ ഹൃദയത്തെ അനുതാപത്തിലേക്ക്‌ തിരിക്കുകയും ചെയ്യണമേ.

 

രണ്ടാംകൗമാ

 

എന്നേക്കും തന്റെ ഇടത്തില്‍... ഇത്യാദി ഒരു കൗമാ ചൊല്ലണം.

 

നിനുവയക്കാരെ തിന്മയില്‍ നിന്ന്‌ നന്മയിലേക്ക്‌ മാനസാന്തരപ്പെടുത്തിയവന്‍

വാഴ്ത്തപ്പെട്ടവനാകുന്നു.

 

കുറിയേ... കുറിയേ... കുറിയേ...

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണ ചെയ്യണമേ... ഇത്യാദി

 

കോലോകള്‍

 

1. നിനുവാനഗരം മുഴുവനും സങ്കടത്തോടും കണ്ണുനീരോടും കൂടി കരയുകയും 

 

 

ഏകശബ്ദത്താല്‍ നീതിയുടെ മുമ്പില്‍ നിലവിളിക്കുകയും ചെയ്തു. അതിന്റെ പ്രാര്‍ത്ഥനയും നോമ്പും കര്‍ത്താവ്‌ ശ്രദ്ധിച്ച്‌ അതിന്മേലുള്ള ന്യായത്തിര്‍പ്പും ക്രോധവും നീക്കിക്കളയുവാന്‍ അപേക്ഷിച്ചു. അവരുടെ പ്രാര്‍ത്ഥനയെ കൈക്കൊണ്ട ദൈവമേ നിന്നെ വിളിക്കുന്ന നിന്റെ അടിയാരോട്‌ ഉത്തരമരുളുകയും ഞങ്ങളുടെ നോമ്പും പ്രാര്‍ത്ഥനയും കൈക്കൊണ്ട്‌ ഞങ്ങളോട്‌ കരുണ ചെയ്യുകയും ചെയ്യണമേ. ബാറെക്മോര്‍

 

2. ജാതികളും ബര്‍ബരന്മാരുമായ അഗ്രചര്‍മ്മികളായ നിനുവായക്കാർ യഈനാന്റെ പ്രസംഗത്താല്‍ അനുതപിച്ച്‌ മാനസാന്തരപ്പെട്ടു. രാവും പകലും തിരുവെഴുത്തുകള്‍ ഞങ്ങളോട്‌ പ്രസംഗിച്ചിട്ടും ഞങ്ങള്‍ എത്ര അഹങ്കരിച്ചു ഹൃദയം കഠിനപ്പെട്ടും ഇരിക്കുന്നു. ഞങ്ങളുടെ ഹൃദയം മാര്‍ദദവമാകയോ വ്ൃത്യാസപ്പെടുകയോ ചെയ്യുന്നതുമില്ല. നീതിയെക്കുറിച്ച്‌ ഞങ്ങള്‍ പരിഭ്രമിക്കുന്നുമില്ല. ഞങ്ങളെ സഹിക്കയും ഞങ്ങളുടെ ദുഷ്ടതയെ വഹിക്കുകയും ചെയ്യുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു.   മൊറിയോ റാഹേം...

 

ബോവൂസാ

 

1. ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളോട്‌ കരുണ ചെയ്യണമേ. ഞങ്ങളുടെ ശുശ്രൂഷ കൈക്കൊളളുകയും ചെയ്യണമേ.

 

2. യഹൂദനായ യാനാന്‍ നിനുവയില്‍ അഗ്രചര്‍മ്മികളുടെ ഇടയില്‍ പ്രസംഗിച്ചു.

ആ ധീരന്‍ കോട്ടയിലേക്ക്‌ പ്രവേശിച്ചു. ദുഖശബ്ദത്താല്‍ അതിനെ ഉളക്കി. ജാതികളുടെ നഗരം വ്യാകുലപ്പെട്ടു. കടലില്‍ നിന്ന്‌ കരേറിയ യാനാന്‍ മൂലം കടല്‍ പോലെ അത്‌ ക്ഷോഭിക്കയും ചെയ്തു

 

3. ദൈവസന്നിധിയില്‍ നിന്ന്‌ യാനാനും, വിശുദ്ധിയില്‍ നിന്നു നിനുവയക്കാരും

ഓടിപ്പോയി. ഇരു കൂട്ടരേയും നീതി കുറ്റക്കാരായി ബന്ധിച്ചു. ഇരുവരും അനുതാപം നടത്തുകയും രക്ഷ നേടുകയും ചെയ്തു. യനാന്‍ കടലിലും നിനുവയക്കാര്‍ കരയിലും കാക്കപ്പെടുകയും ചെയ്തു.

 

4. പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നവനും യാചനകള്‍ക്ക്‌ ഉത്തരമരുളന്നവനുമായ കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേട്ട്‌ ഞങ്ങളോടു നിരപ്പായി നിന്റെ കരുണയാല്‍ ഞങ്ങളുടെ യാചനകള്‍ നല്‍കുമാറാകണമേ.

 

മൂന്നാം കൗമാ

 

എന്നേക്കും തന്റെ ഇടത്തില്‍... ഇത്യാദി ഒരു കൗമാ ചൊല്ലണം.

 

എക്ബോ

 

ദുഷ്ടലോകം എന്നെ ഉണര്‍ത്തി സംഭ്രമത്തോടെ അതിന്റെ ദുഷ്ടതകള്‍ പറയുകയും അതിന്റെ ദ്വേഷതകളെ കുറിച്ച്‌ നിരൂപിക്കയും അതിനോടുള്ള മമതയില്‍ മുഴുകകയും ചെയ്തിരിക്കുന്നതു കൊണ്ട്‌ അവര്‍ക്ക്‌ കഷ്ടം. കുറിയേ... കുറിയേ... കുറിയേ...

 

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണ ചെയ്യണമേ... ഇത്യാദി

 

കോലോകള്‍

 

1. കര്‍ത്താവേ, ഞാന്‍ പാപം ചെയ്യുകയും ഒരുവനും എന്നെ കാണാതിരിപ്പാന്‍ ഞാന്‍ മറഞ്ഞിരിക്കയും ചെയ്യുന്നു ആരെങ്കിലും എന്നെ കണ്ടാല്‍ ഞാന്‍ ലജ്ജിക്കുന്നുവെങ്കിലും ദൈവത്തില്‍ നിന്നു ഞാന്‍ ശങ്കിക്കുന്നതുമില്ല. ന്യായാധിപന്‍മാരുടെ ന്യായാധിപനായ കര്‍ത്താവേ ഞാന്‍ മരിച്ചാലും ജീവിച്ചാലും നിന്റെ കയ്യിലല്ലോ ഏല്‍പിക്കപ്പെടുന്നത്‌. നിന്റെ ദയയാല്‍ ഞങ്ങളോട്‌ കരുണ ചെയ്യണമേ. ബാറെക്മോര്‍.

 

2. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്നെ വിളിക്കുന്നവരായ ഞങ്ങളോട്‌

നീ ഉത്തരമരുളിച്ചെയ്യണമേ. എന്തെന്നാല്‍ ഞങ്ങളെ സഹായിപ്പാൻ കഴിയുന്ന പിതാവ്‌ ഞങ്ങള്‍ക്ക്‌ വേറെയില്ല. തിരുവുള്ളത്താല്‍ ഇല്ലായ്മയില്‍ നിന്ന്‌ ഞങ്ങളെ നീ സൃഷ്ടിച്ചിരിക്കുന്നു. നിന്റെ കോപം ഞങ്ങളെ നശിപ്പിക്കരുതേ. നിന്റെ കല്‍പനകള്‍ ഞങ്ങളെ പഠിപ്പിക്കുകയും ഞങ്ങള്‍ അവയെ ആചരിക്കുകയും ചെയ്യുമാറാകണമേ. പുണ്യ പ്രവൃത്തികളാല്‍ ഞങ്ങള്‍ നിന്നെ പ്രസാദിപ്പിക്കുമാറാകണമേ. നിന്റെ ദയയാല്‍ ഞങ്ങളോട്‌ കരുണ ചെയ്യണമേ.

 

ബോവൂസാ

 

1. പാപികളോട്‌ കരുണ ചെയ്യുന്നവനായ കര്‍ത്താവേ, നീ ന്യായം വിസ്തരിക്കുന്ന ദിവസത്തില്‍ ഞങ്ങളോട്‌ കരുണ ചെയ്യണമേ.

 

2. നിനുവ കീഴ്മേല്‍ മറിയുമെന്ന്‌അട്ടഹസിച്ച്‌ പറഞ്ഞു കൊണ്ട്‌ മഹാകോട്ടയുടെ മേല്‍ നാശം നിശ്ചയിച്ചും നാശത്തെ ക്ഷണിച്ചും അവന്‍ പ്രസംഗിച്ചു.

 

3. നഗരമെല്ലാം ഒരുമിച്ചു കൂടി അപേക്ഷ നടത്തി അനുതാപം നിശ്ചയിച്ചു അവര്‍ക്ക്‌ കരുണ ലഭിക്കുകയും മഹത്യം പാടുകയും ചെയ്തു

 

4. മേലുള്ളവരുടെ ഉടയവനും താഴെയുള്ളവരുടെ ശരണവുമായ കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ട്‌ ഞങ്ങളോട്‌ കരുണ ചെയ്യണമേ.

 

ഹാലേലുയ്യാ, ഹാലേലുയ്യാ, ഹാലേലുയ്യാ ദൈവമേ നിനക്കു സ്തുതി... (മൂന്നു,

പ്രാവശ്യം)

കരുണയുള്ള ദൈവമേ... ഇത്യാദി

 

ത്രിത്വത്തിനു സ്തുതി...

 

1. കര്‍ത്താവേ, ദുരിതക്കുഴിയില്‍ നിന്നും നാശത്തിന്റെ ചെളിയില്‍ നിന്നും പുറത്തെ അന്ധകാരത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. അവസാനം സംഭവിക്കയും സഹാദേന്‍മാര്‍ തങ്ങളുടെ കിരീടം പ്രാപിക്കയും ചെയ്യുമ്പോള്‍ അവരോടൊന്നിച്ച്‌ മണവറയിലേക്ക്‌ ഞങ്ങള്‍ പ്രവേശിച്ച്‌ ഞങ്ങള്‍ നിനക്ക്‌ മഹത്യം പാടുമാറാകണമേ. ബാറെക്മോര്‍.

 

2.നീതിമാന്‍മാര്‍ക്കു വേണ്ടിയല്ല, പാപികള്‍ക്ക്‌ വേണ്ടിയാകുന്നു ഞാന്‍ വന്നത്‌

 

എന്ന്‌ കര്‍ത്താവ്‌ അരുളിച്ചെയ്തിരിക്കുന്നു. ഇതാ കര്‍ത്താവിന്‍റെ വാതില്‍

തുറക്കപ്പെട്ടിരിക്കുന്നു. പാപികളെ! അനുതപിച്ച്‌ രക്ഷപ്രാപിപ്പിന്‍. എന്തെന്നാല്‍ അവരുടെ മരണത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന്‌ ദൈവം അരുളിച്ചെയ്തിരിക്കുന്നു.                   മൊറിയോ റാഹേം...

 

ബോവൂസാ

 

1.ഞങ്ങളുടെ നാഥനായ കര്‍ത്താവേ, നിന്നെ ഞങ്ങള്‍ വിളിക്കുന്നു. ഞങ്ങളുടെ സഹായത്തിനായി നീ എഴുന്നെള്ളി ഞങ്ങളുടെ അപേക്ഷയെ കേട്ട്‌ ഞങ്ങളുടെ ആത്മാക്കള്‍മേല്‍ കരുണ ചെയ്യണമേ.

 

2.കര്‍ത്താവേ നിന്നോടുള്ള ചേർച്ചയിൽ നിന്ന്‌ അകന്നു പോകാതിരിപ്പാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പാപം ഞങ്ങളെ പുറത്താക്കിയെങ്കിലും നിന്റെ ആര്‍ദ്രസ്്‌നേഹം ഞങ്ങളെ അകത്തു കയറ്റണമേ. പാപം ഞങ്ങള്‍ക്കായി പതിയിരുന്നു ഞങ്ങളെ വളരെ മുറിവേല്‍പിച്ചിരിക്കുന്നു, മഹാവൈദ്യനായുള്ളോവേ, ഞങ്ങളെ വേദനപ്പെടുത്തുന്ന മുറിവുകളെ നീ സ്വഥഖ്യമാക്കണമേ.

 

3. ദുഷ്ടന്‍ ഞങ്ങള്‍ക്കായി വല വെച്ച്‌ അവന്റെ കെണിയില്‍ ഞങ്ങളെ അകപ്പെടുത്തിയിരിക്കുന്നു. നീ അവന്റെ കെണിയെ തകര്‍ത്ത്‌ അപകടത്തില്‍ നിന്ന്‌ ഞങ്ങളെ രക്ഷിക്കണമേ. നല്ല ഇടയനായുള്ളോവേ, കാണാതെ പോയ ആടിനെ അന്വേഷിച്ച്‌ പുറപ്പെടണമേ. അതിന്റെ ജീവനെ അന്വേഷിക്കുന്ന ദുഷ്ടന്റെ കൈകളില്‍ അതിനെ വിട്ടുകൊടുക്കരുതേ.

 

4. സകലവും കേള്‍ക്കുന്നവനും പ്രാര്‍ത്ഥനകള്‍ കൈക്കൊള്ളുന്നവനുമായുള്ളോവേ, ഞങ്ങളുടെ അപേക്ഷ കേട്ട്‌ ഞങ്ങളുടെ ആത്മാക്കള്‍മേല്‍ കരുണ ചെയ്യണമേ.

 

മാലാഖമാരുടെ സ്തുതിപ്പ്‌

 

മേലുള്ള ഉയരങ്ങളില്‍ സ്വര്‍ഗ്ഗീയ മാലാഖമാര്‍...

ഞങ്ങളുടെ കര്‍ത്താവായ യേശു മിശിഹാ... 

 

കൗമാ

മുന്നു നോമ്പിലെ നമസ്ക്കാരം

സന്ധ്യാനമസ്്‌ക്കാരം

കൗമാ

 

1. കര്‍ത്താവേ, നിന്റെ വാതിലില്‍ ഞങ്ങള്‍ മുട്ടുകയും നിന്റെ സമൃദ്ധിയേറിയ ശ്രീഭണ്ഡാരത്തില്‍ നിന്ന്‌ കരുണയും ദയയും യാചിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ നിന്നെ സ്തോത്രം ചെയ്തു വന്ദിച്ച്‌ സ്തുതി പാടുവാനായിട്ടു നിന്റെ കൃപയാല്‍ ഞങ്ങളുടെ കടങ്ങള്‍ ക്ഷമിക്കണമേ.

 

2. നമ്മില്‍ നിന്നു ശിക്ഷകളും കോപത്തിന്റെ വടികളും നീക്കി മായിപ്പാനായിട്ടു ദൈവത്തോടു നിനുവയക്കാരെപ്പോലെ അതിവേദനയോടെ നാം യാചിക്കണം. സകല ജനവുമേ വരുവിന്‍ നമുക്കവനെ കുമ്പിട്ടു വന്ദിക്കാം.

 

3. അനുതാപികളുടെ നിര്‍മ്മലസംഘങ്ങള്‍ക്കായിട്ട്‌ രാജകുമാരന്‍ അഴിവില്ലാത്ത വിരുന്നും പരിശുദ്ധ റൂഹായുടെ ജീവനുള്ള പാനീയവും തയ്യാറാക്കുന്നു. സകല ജനവുമേ വരുവിന്‍ നമുക്കവനെ കുമ്പിട്ടു വന്ദിക്കാം.

 

4. കാരുണ്യവാനേ! നിനുവയക്കാരെപ്പോലെ ഞങ്ങള്‍ നിന്നെ വിളിക്കുന്നു. ദോഷികളായ ഞങ്ങളോടു ദയവുണ്ടാകുകയും നിന്റെ കരുണയാല്‍ ഞങ്ങളുടെ ശുശ്രൂഷ കൈക്കൊള്ളുകയും ചെയ്യണമേ. ഞങ്ങള്‍ നിന്നെ സ്തോത്രം ചെയ്തു വന്ദിച്ച്‌ നിനക്ക്‌ സ്തുതി പാടുമാറാകണമെ.

ബാറെക്മോര്‍.

 

5. കരുണ നിറഞ്ഞവനായ കർത്താവേ നിന്നില്‍ സങ്കേതപ്പെടുന്ന പാപികളെ കടങ്ങളുടെ പരിഹാരത്തിന്‌ നീ യോഗ്യരാക്കണമേ. അവരുടെ അനുതാപത്തിനു പ്രതിഫലം നല്‍കണമേ. ഞങ്ങള്‍ നിന്നെ സ്തോത്രം ചെയ്തു വന്ദിച്ച്‌ നിനക്ക്‌ സ്തുതി പാടുമാറാകണമെ.

 

1. ഉത്തമനും ദയവാനുമായ കര്‍ത്താവേ നിനക്ക്‌ സ്തുതി. എല്ലാവിധത്തിലും മനുഷ്യരുടെ രക്ഷയെ നീ ആഗ്രഹിക്കുന്നു. മനുഷ്യ സ്നേഹമുള്ള കര്‍ത്താവേ സത്യത്തെ വെടിഞ്ഞ്‌ പാപ വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ട നിനുവയെ സാത്താന്‍ ഓഹരിയായിത്തീരുവാന്‍ തക്കവണ്ണം നീ കൈവിട്ടില്ല എന്നാലോ ഉഗ്രമായ ന്യായത്തീര്‍പ്പാല്‍ വഴിതെറ്റില്‍ നിന്ന്‌ അതിനെ തിരിക്കുകയും നിന്റെ തിരുനാമത്തിന്റെ നല്ല അവകാശമായിത്തീരുകയും അനുതാപത്താല്‍ ശ്രേഷ്ഠത പ്രാപിക്കുകയും ചെയ്തു.

 

2. പരാക്രമികളുടെ പട്ടണമായ നിനുവ മായയില്‍ വഴിതെറ്റി സത്യ വഴിയെ വിട്ടു

കളഞ്ഞു. അത്‌ പാപത്തിന്‌ ഓഹരിയാകുവാനായിട്ട്‌ നീ അതിനെ ഉപേക്ഷിക്കാതെ നിന്റെ മനുഷ്യസ്നേഹത്താല്‍ നാശത്തില്‍ നിന്ന്‌ അതിനെ വീണ്ടെടുത്തു. നിന്റെ ദയയില്‍ അതു സങ്കേതപ്പെട്ടു. നിന്റെ കൃപയാല്‍ രക്ഷനേടി. കാര്‍ത്താവേ, ഇതാ നിന്റെ സഭ അതിന്റെ മക്കളോട്‌ നീ കരുണ ചെയ്‌വാനായിട്ട്‌ എല്ലായ്‌ പ്പോഴും നിന്നോട്‌ നിലവിളിക്കുന്നു.

 

3. കര്‍ത്താവേ നിന്റെ കരുണയുടെ വാതിലില്‍ ഞങ്ങളുടെ അപേക്ഷയുടെ സ്വരം മുട്ടുന്നു. നിന്നെ വന്ദിക്കുന്നവരില്‍ നിന്നു അവരുടെ ആവശ്യങ്ങള്‍ നീ വിരോധിക്കരുതേ. പാപിനിയായ സ്ത്രീകണ്ണുനീരോടെ നിന്നോട്‌ പ്രാര്‍ത്ഥിക്കുകയും നിന്നില്‍ നിന്ന്‌ അവള്‍ മോചനം പ്രാപിക്കുകയും ചെയ്തു. നിന്റെ ഇടവകയിലെ ആചാര്യന്‍മാരുടെ കണ്ണുനീരാല്‍ നീ സമ്പാദിച്ച സഭയോട്‌ ദയ ചെയ്യണമേ. കര്‍ത്താവേ ഞങ്ങള്‍ പാപം ചെയ്തുവെന്ന്‌ ഞങ്ങള്‍ അറിയുന്നു ഞങ്ങളുടെ തിന്മകള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഉത്തമനായുള്ളോവേ കരുണയോടെ മനസ്സലിഞ്ഞ്‌ അന്യായത്തിന്റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും ഞങ്ങളെ വെടിപ്പാക്കണമേ!            മൊറിയോറാഹേമലൈന്‍ ഉ ആദാറൈന്‍

 

 

1. ദൈവത്തിന്റെ മുമ്പാകെ നിനുവ നഗരം അനുതപിക്കുകയും സ്വര്‍ഗ്ഗീയ വാതിലുകള്‍ തുറന്ന്‌ കരുണ പ്രാപിക്കുകയും ചെയ്തു.രാജാവ്‌ അനുതപിച്ച്‌ ചാക്കുടുത്തു ദുഖിച്ചു. പ്രജകളും അതുകണ്ട്‌ രട്ടുടുത്ത്‌ തലയില്‍ വെണ്ണീര്‍ തൂകി. അവരുടെ അന്യായത്തില്‍ നിന്ന്‌ അവര്‍ പിന്തിരിഞ്ഞു എന്ന്‌ കര്‍ത്താവ്‌ കണ്ടു. 

 

നീതിപൂര്‍വ്വകമായ ശിക്ഷയെ പിന്‍വലിച്ചു. തന്‍റെ സന്നിധിയിലേക്ക്‌ തിരിയുന്ന അനുതാപികളില്‍ സന്തോഷിക്കുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു.

 

2. യാനാന്‍ ദീര്‍ഘദര്‍ശി സ്വയമായി മരണം നിശ്ചയിച്ചു. നിനുവായക്കാര്‍ നാല്‍പതു ദിവസത്തെ നോമ്പും നിശ്ചയിച്ചു. യനാന്‍ നിനുവ മറിച്ചിടുന്നതിനെ നോക്കിപ്പാർത്തു. താന്‍ അവരുടെ കണ്ണുനീര്‍ കണ്ട്‌ കരുണചൊരിയുകയും അവരുടെ അപേക്ഷയെ കൈക്കൊള്ളുകയും ചെയ്തു. ദൈവമേ, നിന്റെ വന്ദനവുകാരോട്‌ നീ ഉത്തരമരുളുകയും നിന്റെ കരുണയാല്‍ അവരുടെ യാചനകള്‍ക്ക്‌ മറുപടി കല്‍പ്പിക്കുകയും ചെയ്യണമേ.

 

3. കര്‍ത്താവേ, പരിമള ധൂപത്തെ ഞങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട്‌ നിന്റെ ശ്രീഭണ്ഡാരത്തില്‍ നിന്ന്‌ കരുണയും ദയയും ഞങ്ങള്‍ യാചിക്കുന്നു. എന്തെന്നാല്‍ നീ അനുകമ്പയുള്ളവനും അനുതാപികളില്‍ ഇഷ്ടപ്പെടുന്നവനും ആകുന്നുവല്ലോ. ദൈവമായ കര്‍ത്താവേ, നീയല്ലാതെ ഞങ്ങള്‍ക്ക്‌ വേറെ ശരണവും ആശ്രയവും ഇല്ല. സങ്കടത്തോടും കണ്ണനീരോടും സ്നേഹത്തോടും വിശ്വാസത്തോടും കൂടി ഞങ്ങള്‍ യാചിക്കുന്നു. നല്ലവനേ ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ട്‌ നിന്റെ കരുണയാല്‍ ഞങ്ങളുടെ യാചനകള്‍ക്ക്‌ ഉത്തരമരുളണമേ. 

മൊറിയോ...

 

1. കര്‍ത്താവേ, നിന്നെ ഞങ്ങള്‍ നോക്കി വിളിക്കുന്നു. ഞങ്ങളുടെ സഹായത്തിനു വന്ന്‌ ഞങ്ങളുടെ ആത്മാക്കള്‍ മേല്‍ കരുണ ചെയ്യണമേ.

 

2. നിനുവയിലെ ജനത്തെ അനുതാപത്തിലേക്ക്‌ തിരിക്കുവാന്‍ യാനാന്‌ ദൈവത്തില്‍ നിന്ന്‌ വെളിപ്പാടുണ്ടായി. അതിന്റ്‌ ന്യായത്തിര്‍പ്പ്‌ വിധിച്ചും കൊണ്ട്‌ ദുഷ്ടതകള്‍ നീക്കിക്കളവാനായിട്ട്‌ മാനസാന്തരം പ്രസംഗിപ്പാൻ തക്കവണ്ണം അവനെ താന്‍ അയക്കയും ചെയ്തു. 'നിന്റെ ദുഷ്ടതയും അധര്‍മ്മങ്ങളും പെരുകിയിരിക്കുന്നതിനാല്‍ നിനുവയേ നിനക്കു കഷ്ടം! ഇനിയും നാല്‍പതു ദിവസത്തിനുള്ളില്‍ നീ മണ്‍ കുമ്പാരമായിത്തീരും. നാല്‍പതു ദിവസത്തിനുള്ളില്‍ നിന്റെ ഭംഗിയെല്ലാം വാടിപ്പോകയും നിന്റെ പ്രകാശം മുഴുവനും ഇരുണ്ടു പോകയും ചെയ്യും.”

 

3. പ്രസംഗക്കാരന്റെ വചനത്തെ ഒട്ടും സംശയിക്കാതെ യാചനയ്ക്കായി അവര്‍

ഒരുമിച്ചു കൂടി. യാനാനെ അവര്‍ ശ്രദ്ധിക്കയും അവന്‍ പറഞ്ഞ സര്‍വ്വവും സ്വീകരിച്ച്‌ ഉറയ്ക്കയും ചെയ്തു. കര്‍ത്താവിനോട്‌ യാചിപ്പാനായി അവര്‍ ഒരുങ്ങി രാജാവും അധികാരികളും നഗരവാസികളുമെല്ലാം നിനുവയ്ക്കു, മാനസാന്തരം പ്രസംഗിച്ച യാനാന്റെ പ്രസംഗത്തിങ്കല്‍ ഇളകി. ജനങ്ങളെല്ലാം പരിഭ്രമിച്ചു.

 

4. സകലവും കേള്‍ക്കുന്നവനും പ്രാര്‍ത്ഥനകള്‍ കൈക്കൊള്ളുന്നവനുമായ കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ട്‌ ഞങ്ങളുടെ ആത്മാക്കള്‍ മേല്‍ കരുണ ചെയ്യണമേ.

 

ഞങ്ങളുടെ കര്‍ത്താവായ യേശുമിശിഹാ...

 

 

St. Mary’s Syriac Church of Canada Mississauga